ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കെറെ ടീമിലെത്തിക്കാൻ അത്ലറ്റിക്കോ മാഡ്രിഡ്‌!

ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോളിൽ ഗോൾഡ് മെഡൽ ജേതാക്കളായ ബ്രസീലിയൻ ടീമിലെ നിർണായക താരമായിരുന്നു സൂപ്പർ സ്‌ട്രൈക്കറായ മാത്യൂസ് കുഞ്ഞ.അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ലാലിഗ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡ്‌. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.അത്ലറ്റിക്കോയുടെ സ്ട്രൈക്കറായിരുന്ന ഡിയഗോ കോസ്റ്റ ടീം വിട്ടിരുന്നു.ഈ സ്ഥാനത്തേക്കാണ് മറ്റൊരു സ്ട്രൈക്കറെ കൊണ്ടു വരാൻ അത്ലറ്റിക്കോ ശ്രമിക്കുന്നത്.

ഫിയോറെന്റിനയുടെ സ്‌ട്രൈക്കർ ഡുസാൻ വ്ലഹോവിച്ചിന് വേണ്ടി അത്ലറ്റിക്കോ ശ്രമിച്ചിരുന്നുവെങ്കിലും ഫലമൊന്നും കണ്ടിരുന്നില്ല.ഫിയോറെന്റിന താരത്തെ വിട്ടു നൽകാൻ ഒരുക്കമായിരുന്നില്ല
തുടർന്ന് സ്പാനിഷ് താരമായ റാഫ മിറിന് വേണ്ടിയും അത്ലറ്റിക്കോ ശ്രമങ്ങൾ നടത്തി.എന്നാൽ വോൾവ്‌സുമായുള്ള ചർച്ചകളും എങ്ങുമെത്തിയില്ല. ഇതോടെയാണ് അത്ലറ്റിക്കോയുടെ ശ്രദ്ധ കുഞ്ഞയിലേക്ക് തിരിഞ്ഞത്.

27 മില്യൺ യൂറോയാണ് നിലവിൽ ഈ താരത്തിന്റെ മൂല്യം. ബുണ്ടസ്ലിഗയിലെ ഹെർത്ത ബെർലിന് വേണ്ടിയാണ് താരമിപ്പോൾ പന്ത് തട്ടുന്നത്.22-കാരനായ താരം കഴിഞ്ഞ ബുണ്ടസ്ലിഗ സീസണിൽ 7 ഗോളും 6 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

അതേസമയം കുഞ്ഞ അത്ലറ്റിക്കോക്ക്‌ യോജിച്ച താരമാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഫുട്ബോൾ എസ്പാനയുടെ ഫുട്ബോൾ പണ്ഡിറ്റായ ജാസ്മിൻ ബാബ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” അദ്ദേഹം ലാലിഗക്ക്‌ അനുയോജ്യനായ താരമാണ്.വളരെയധികം പ്രതിഭയുള്ള താരമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ വൺ ഓൺ വൺ അറ്റാക്കിങ് മികച്ചതാണ്.നല്ല വേഗതയുള്ള, മികച്ച തീരുമാനങ്ങൾ എടുക്കുന്ന താരമാണ് അദ്ദേഹം.ഇതുവരെ ഹെർത്ത അദ്ദേഹത്തെ വേണ്ടി വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.അത്കൊണ്ട് തന്നെ അദ്ദേഹമിപ്പോൾ കളം മാറ്റാൻ സമയമായിരിക്കുന്നു ” അദ്ദേഹം പറഞ്ഞു. ഏതായാലും കുഞ്ഞയെ ടീമിൽ എത്തിക്കാൻ അത്ലറ്റിക്കോക്ക്‌ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *