ബ്രസീലിയൻ മെസ്സിയെ ബാഴ്സക്ക് കിട്ടിയേക്കില്ല, വെല്ലുവിളിയായി നിരവധി വമ്പൻ ക്ലബ്ബുകൾ!

ബ്രസീലിയൻ മെസ്സി എന്നറിയപ്പെടുന്ന വണ്ടർ കിഡാണ് എസ്റ്റവാവോ വില്യൻ. കേവലം 16 വയസ്സ് മാത്രമുള്ള ഈ മെസ്സിഞ്ഞോ അഥവാ ലിറ്റിൽ മെസ്സി എന്നും അറിയപ്പെടാറുണ്ട്. ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടിയാണ് ഈ താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.അവർക്ക് വേണ്ടിയുള്ള ഔദ്യോഗിക അരങ്ങേറ്റം നടത്താൻ ഈ മുന്നേറ്റ നിര താരത്തിന് സാധിച്ചിരുന്നു.

ബ്രസീലിന്റെ അണ്ടർ 17 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിലൂടെ ശ്രദ്ധേയനായ താരമാണ് വില്യൻ.യൂറോപ്പിലെ പല ക്ലബ്ബുകളും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സലോണയിലേക്ക് പോവാനുള്ള തന്റെ ആഗ്രഹം വില്യൻ തന്നെ തുറന്നു പറഞ്ഞിരുന്നു. ബാഴ്സയെ താൻ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നായിരുന്നു ഈ ബ്രസീലിയൻ താരം പറഞ്ഞിരുന്നത്.

18 വയസ്സ് പൂർത്തിയായാലാണ് താരത്തിന് യൂറോപ്പിലേക്ക് ചേക്കേറാൻ സാധിക്കുക. അതായത് 2025ലെ സമ്മറിൽ അദ്ദേഹത്തെ നമുക്ക് ഏതെങ്കിലും യൂറോപ്യൻ വമ്പൻ ക്ലബ്ബിൽ കാണാൻ കഴിയും. താരത്തിന്റെ റിലീസ് ക്ലോസ് 60 മില്യൺ യൂറോയാണ്.അത് നൽകിയാൽ താരത്തെ സ്വന്തമാക്കാൻ സാധിക്കുമെങ്കിലും ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമല്ല. കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. മാത്രമല്ല വില്യനെ സ്വന്തമാക്കാൻ വേണ്ടി നിരവധി ക്ലബ്ബുകൾ ഇപ്പോൾ രംഗത്ത് വരികയും ചെയ്തു.മാഞ്ചസ്റ്റർ സിറ്റി,മാഞ്ചസ്റ്റർ യുണൈറ്റഡ്,പിഎസ്ജി,ചെൽസി എന്നിവരൊക്കെ ഈ സൂപ്പർതാരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഇത് ബാഴ്സലോണക്ക് വെല്ലുവിളി ഉയർത്തുന്ന മറ്റൊരു കാര്യമാണ്.

താരത്തിന്റെ പിതാവ് ഈയിടെ ചെൽസി,സിറ്റി,പിഎസ്ജി തുടങ്ങിയ ക്ലബ്ബുകൾ ഒക്കെ സന്ദർശിച്ചിരുന്നു.വില്യന് ഏറ്റവും അനുയോജ്യമായ ക്ലബ്ബിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ അവർ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ ബാഴ്സലോണക്ക് താരത്തെ സ്വന്തമാക്കാൻ സാധിക്കും. പക്ഷേ മറ്റുള്ള ക്ലബ്ബുകളുടെ വെല്ലുവിളി കൂടി മറികടക്കേണ്ടതുണ്ട്. ഏതായാലും ബ്രസീലിയൻ യുവ പ്രതിഭകൾക്ക് വളരെയധികം ഡിമാൻഡ് വർദ്ധിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.മോസ്കാർഡോ ഉൾപ്പെടെയുള്ള താരങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *