ബ്രസീലിനെ വേൾഡ് കപ്പ് ഫൈനലിൽ തോൽപ്പിക്കണമെന്ന് ബെൻസിമ,നടക്കില്ലെന്ന് വിനീഷ്യസ്!
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റയലിന് വേണ്ടി സൂപ്പർതാരങ്ങളായ കരീം ബെൻസിമയും വിനീഷ്യസ് ജൂനിയറും പുറത്തെടുത്തിട്ടുള്ളത്. ഇരുവരുടെയും മികവിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും നേടാൻ റയലിന് സാധിച്ചിരുന്നു. മാത്രമല്ല ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരം കൂടിയാണ് ബെൻസിമ.
കൂടാതെ ബെൻസിമയും വിനീഷ്യസും വളരെയധികം അടുത്ത സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ റയൽ ക്യാമ്പിൽ വെച്ച് പരസ്പരം തമാശരൂപേണ സംസാരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ വിനീഷ്യസ് വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് വരുന്ന വേൾഡ് കപ്പ് ഫൈനലിൽ ബ്രസീലിനെ ലഭിക്കണമെന്നും പരാജയപ്പെടുത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് ബെൻസിമ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് വിനീഷ്യസ് അറിയിച്ചിട്ടുള്ളത്. എന്നാൽ അത് നടക്കാൻ പോകുന്നില്ലെന്നും വിനീഷ്യസ് തമാശരൂപേണ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബ്രസീലിയൻ സൂപ്പർ താരം.വിനീഷ്യസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vini Júnior diz que Benzema quer enfrentar Brasil na final da Copa: "Acho que não vai dar pra ele"
— ge (@geglobo) June 5, 2022
Herói do Real Madrid no título da Liga dos Campeões revela papo com companheiro francês e diz que está com "foco total" no Mundial do Catar https://t.co/m0fx5M3fV8
” ഫൈനലിൽ ഞങ്ങളെ ലഭിക്കുമെന്നും ഞങ്ങളെ പരാജയപ്പെടുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ബെൻസിമയുള്ളത്. എനിക്ക് തോന്നുന്നില്ല അദ്ദേഹത്തിന് കൊണ്ട് അത് സാധ്യമാകുമെന്ന് (ചിരിക്കുന്നു ). ഞങ്ങൾ ചിലസമയങ്ങളിൽ വേൾഡ് കപ്പിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഫൈനലിന് മുന്നേ രണ്ട് ടീമുകളും പരസ്പരം മുഖാമുഖം വരാതിരിക്കാനാണ് ഞങ്ങൾ പ്രാർത്ഥിക്കാറുള്ളത്. ആരാണ് മികച്ച ടീം, അവർ ഫൈനലിൽ വിജയിക്കട്ടെ ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.
ഫ്രാൻസ് ഗ്രൂപ്പ് ഡിയിലും ബ്രസീൽ ഗ്രൂപ്പ് ജിയിലുമാണ്. രണ്ട് ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒരേ സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണെങ്കിൽ (രണ്ട് ടീമും ആദ്യ സ്ഥാനത്ത്, അതല്ലെങ്കിൽ രണ്ട് ടീമും രണ്ടാം സ്ഥാനത്ത്) ഫൈനലിൽ മാത്രമേ മുഖാമുഖം വരികയുള്ളൂ.അതേസമയം രണ്ട് ടീമുകളും വ്യത്യസ്ത സ്ഥാനങ്ങളിൽ ആണെങ്കിൽ ( ഒരു ടീം ഒന്നാമതും മറ്റൊരു ടീം രണ്ടാമതും ) അതിനു മുന്നേ ഏറ്റു മുട്ടാനുള്ള സാധ്യതയുണ്ട്.