ബെല്ലിങ്ഹാം യുണൈറ്റഡിനെ വേണ്ടെന്നുവച്ചത് ധീരമായ തീരുമാനം: യുണൈറ്റഡ് ഇതിഹാസം ഷോൾസ്!

നിലവിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വേണ്ടി ജൂഡ് ബെല്ലിങ്ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. സ്പാനിഷ് ലീഗിലെ ടോപ് സ്കോറർ ഇപ്പോൾ ഈ മധ്യനിരതാരമാണ്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബൊറൂസിയയിൽ നിന്നായിരുന്നു ബെല്ലിങ്ഹാം റയൽ മാഡ്രിഡിൽ എത്തിയത്. 2020 ൽ ബിർമിങ്ഹാം സിറ്റിയിൽ നിന്നായിരുന്നു ബെല്ലിങ്ഹാം ബൊറൂസിയയിലേക്ക് പോയത്.

ആ സമയത്ത് താരത്തെ സ്വന്തമാക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ കരിയറിന്റെ തുടക്കത്തിൽ തന്നെ യുണൈറ്റഡിനെ പോലെയുള്ള വലിയ ക്ലബ്ബിലേക്ക് വരേണ്ടതില്ല എന്ന തീരുമാനം എടുത്തുകൊണ്ട് ബെല്ലിങ്ഹാം ജർമ്മൻ ക്ലബ്ബിലേക്ക് പോവുകയായിരുന്നു. ആ തീരുമാനം ധീരമായിരുന്നു എന്ന് സമ്മതിച്ചുകൊണ്ട് യുണൈറ്റഡ് ഇതിഹാസമായ പോൾ ഷോൾസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പ്രായം വെച്ച് നോക്കുമ്പോൾ നമ്മൾ ഇന്നുവരെ കണ്ടിട്ടുള്ള താരങ്ങളെക്കാളൊക്കെ മുകളിലാണ് ഇപ്പോൾ ബെല്ലിങ്ഹാം ഉള്ളത്.ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു. പക്ഷേ അദ്ദേഹം ബൊറൂസിയയിലേക്ക് പോവാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ അത് ശരിയായ തീരുമാനമായിരുന്ന. വളരെ ധീരമായ ഒരു തീരുമാനമായിരുന്നു അത്. വളരെയധികം പ്രതിഭയുള്ള, വളരെയധികം പ്രൊഫഷണലായിട്ടുള്ള ഒരു താരമാണ് ബെല്ലിങ്ഹാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രകടനം തീർത്തും അവിശ്വസനീയമാണ് ” ഇതാണ് ഷോൾസ് പറഞ്ഞിട്ടുള്ളത്.

10 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഇതിനോടകം തന്നെ ബെല്ലിങ്ഹാം നേടിക്കഴിഞ്ഞു. ഇതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഒരു തുടക്കം റയൽ മാഡ്രിഡിൽ ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *