ബാഴ്‌സ സൂപ്പർ താരത്തെ ഇറ്റാലിയൻ ക്ലബുകൾക്ക്‌ ഓഫർ ചെയ്ത് ഏജന്റ്!

സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി താരങ്ങളെ വിൽക്കാനുള്ള ആലോചനയിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്. ഈ പ്രതിസന്ധി കാരണമാണ് ബാഴ്‌സക്ക്‌ സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ കഴിയാതെ പോയതും. ബാഴ്‌സ നിലവിൽ വിൽക്കാൻ ആലോചിക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ. പക്ഷേ താരത്തിന് അനുയോജ്യമായ ഓഫറുകൾ ഇത്‌ വരെ വരാത്തതിനാൽ ട്രാൻസ്ഫർ സാധ്യമായിട്ടില്ല.

ഇപ്പോഴിതാ കൂട്ടീഞ്ഞോയുടെ ഏജന്റ് താരത്തെ ചില ഇറ്റാലിയൻ ക്ലബുകൾക്ക്‌ ഓഫർ ചെയ്തതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.ലാ റിപ്പബ്ലിക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.കൂട്ടീഞ്ഞോയുടെ ഏജന്റായ കിയാ ജൂർബച്ചിയാനാണ് സിരി എ ക്ലബുകളായ എസി മിലാൻ, ലാസിയോ,റോമ എന്നീ ക്ലബുകൾക്ക്‌ ഓഫർ ചെയ്തിരിക്കുന്നത്.

പക്ഷേ ഈ ഓഫർ ക്ലബുകൾ സ്വീകരിക്കാൻ എത്രത്തോളം സാധ്യതയുണ്ട് എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തെന്നാൽ 12 മില്യൺ യൂറോയാണ് നിലവിൽ വാർഷികവേതനമായി കൂട്ടീഞ്ഞോ ബാഴ്‌സയിൽ സമ്പാദിക്കുന്നത്.ഈ സാലറി നൽകാൻ ഈ ക്ലബുകൾക്ക്‌ കഴിയുമോ എന്നുള്ളതാണ് പ്രധാന സംശയം. ലാസിയോക്ക്‌ താരത്തിൽ താല്പര്യം ഉണ്ടെങ്കിലും സാമ്പത്തികപരമായുള്ള ചില പ്രശ്നങ്ങളാണ് ക്ലബ്ബിനെ പിന്നോട്ട് വലിക്കുന്നത്.

അതേസമയം കൂട്ടീഞ്ഞോ ബാഴ്‌സയിൽ തുടരുന്നതിനോട് വിയോജിപ്പില്ലെന്ന് നേരത്തെ തന്നെ ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമേ ഈ ബ്രസീലിയൻ താരത്തിന് കളിക്കാൻ സാധിച്ചിരുന്നൊള്ളൂ. അതിനാൽ തന്നെ ഈ സീസണിലും താരത്തിന് അവസരങ്ങൾ നൽകാമെന്ന നിലപാടിലാണ് കൂമാൻ.

Leave a Reply

Your email address will not be published. Required fields are marked *