ബാഴ്‌സയുടെയും റയലിന്റെയും പൊതുശത്രു അൽ ഖലീഫി? റിപ്പോർട്ട്!
കളത്തിലേതെന്ന പോലെ ട്രാൻസ്ഫർ മാർക്കറ്റുകളിലും പലപ്പോഴും ഉദ്വേഗഭരിതമായ നിമിഷങ്ങൾ ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫ്രീ ഏജന്റ് ആയിക്കൊണ്ട് ബാഴ്‌സയിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ വൈനാൾഡത്തെ ഇരട്ടിതുക സാലറിയായി വാഗ്ദാനം ചെയ്തു കൊണ്ട് പിഎസ്ജി റാഞ്ചുകയായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ ഉറപ്പായ മട്ടാണ്.ഇതാദ്യമായല്ല ട്രാൻസ്ഫർ മാർക്കറ്റിൽ പിഎസ്ജി ബാഴ്‌സക്ക് തടസ്സം നിൽക്കുന്നത്. മുമ്പും സംഭവിച്ചിട്ടുണ്ട്. റയലിനും ട്രാൻസ്ഫർ മാർക്കറ്റിൽ തടസ്സം നിൽക്കുന്നത് പിഎസ്ജി തന്നെയാണ്. ചുരുക്കത്തിൽ ബാഴ്സയുടെയും റയലിന്റെയും പൊതു ശത്രുവാണ് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്പാനിഷ് മാധ്യമമായ മാർക്ക തന്നെയാണ്.
Real Madrid 🤝 Barcelona https://t.co/pJHrAxmdZg
— MARCA in English (@MARCAinENGLISH) June 7, 2021
കുറച്ചു വർഷങ്ങൾക്ക് മുമ്പ് പിഎസ്ജിയുടെ മിഡ്‌ഫീൽഡറായിരുന്ന മാർക്കോ വെറാറ്റിക്ക് വേണ്ടി ബാഴ്‌സ ശ്രമിച്ചിരുന്നു. അന്ന് വെറാറ്റിക്ക് താല്പര്യം ഉണ്ടായിട്ട് പോലും തടസ്സം നിന്നിരുന്നത് പിഎസ്ജി തന്നെയായിരുന്നു. പിന്നീടാണ് വമ്പൻ സാലറി വാഗ്ദാനം ചെയ്ത് വേൾഡ് റെക്കോർഡ് തുകക്ക് നെയ്മറെ ബാഴ്‌സയിൽ നിന്നും പിഎസ്ജി റാഞ്ചുന്നത്. പക്ഷേ പിന്നീട് ബാഴ്സക്ക് അതിൽ ഖേദമായി. പിന്നീട് ട്രാൻസ്ഫർ ജാലകങ്ങളിൽ നെയ്മറെ തിരിച്ചെത്തിക്കാൻ ബാഴ്‌സ ശ്രമങ്ങൾ ആരംഭിച്ചു. ഒന്നും ഫലം കണ്ടില്ല. ഒടുവിൽ മൂന്ന് വർഷത്തോളം നീണ്ടു നിന്ന റൂമറുകൾക്കൊടുവിൽ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. അതിന് ശേഷമാണ് ഇപ്പോൾ വൈനാൾഡത്തെ ഹൈജാക്ക് ചെയ്യുന്നത്. തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു പിഎസ്ജിയുടെ രംഗപ്രവേശനം.
സാമ്പത്തികപരമായി അടിത്തറയുള്ള പിഎസ്ജിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ നിലയിൽ ബാഴ്‌സക്ക് ത്രാണിയില്ല. എന്നാൽ റയലിനെ കുഴക്കുന്ന കാര്യം കിലിയൻ എംബപ്പേയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എംബപ്പേ റയലിന്റെ നോട്ടപ്പുള്ളിയാണെങ്കിലും പിഎസ്ജി താരത്തെ വിടുന്ന ലക്ഷണമില്ല. താരത്തെ വിൽക്കാൻ ഉദ്ദേശമില്ലെന്ന് നാസർ അൽ ഖലീഫി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രമല്ല, അദ്ദേഹത്തെ ഫ്രീ ഏജന്റ് ആയി ലഭിക്കുമെന്നും കരുതേണ്ടതെന്ന് ഖലീഫി അറിയിച്ചിരുന്നു. ചുരുക്കം പറഞ്ഞാൽ ട്രാൻസ്ഫർ മാർക്കറ്റിൽ തോൽക്കാൻ ഇഷ്ടപ്പെടാത്ത പിഎസ്ജി സ്പാനിഷ് ചിരവൈരികൾക്ക് പാരയായി കൊണ്ടിരിക്കുകയാണ്.