ബാഴ്സയിൽ നേരത്തെ എത്തിയാൽ ഒരാളെ പോലും കാണാനാവില്ല,തുറന്ന് പറഞ്ഞ് അഗ്വേറോ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സെർജിയോ അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്. ഫ്രീ ഏജന്റായി കൊണ്ട് ടീമിലെത്തിയ താരം ഇതുവരെ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. പരിക്കാണ് താരത്തെ അലട്ടുന്ന കാര്യം.കാഫ് ഇഞ്ചുറി പിടിപ്പെട്ട താരം ഒക്ടോബറിൽ കളികളത്തിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയിലെയും എഫ്സി ബാഴ്സലോണയിലെയും പരിശീലനരീതികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ അഗ്വേറോ. ബാഴ്സയിൽ നേരത്തെ എത്തിയാൽ ഒരാളെ പോലും കാണാനാവില്ലെന്നും സിറ്റിയിൽ അങ്ങനെയായിരുന്നില്ല എന്നുമാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
The lights aren't even on when Aguero shows up to Barcelona training an hour early. 😬 pic.twitter.com/IwhOSmOXKh
— 90min (@90min_Football) September 6, 2021
” മാഞ്ചസ്റ്റർ സിറ്റിയിൽ ഞങ്ങൾ പരിശീലനത്തിന് വേണ്ടി ഒന്നര മണിക്കൂർ മുമ്പേ തന്നെ എത്തുമായിരുന്നു. അതേസമയം ബാഴ്സയിൽ എല്ലാവരും അര മണിക്കൂർ മുന്നേയാണ് എത്താറുള്ളത്.ചുരുങ്ങിയത് ഒരു മണിക്കൂർ മുന്നേയെങ്കിലും എത്തി ജിമ്മിൽ പരിശീലനം നടത്താമെന്നായിരുന്നു എന്റെ പദ്ധതി.അങ്ങനെ ഞാൻ ഒരു മണിക്കൂർ മുന്നേ പരിശീലനസ്ഥലത്ത് എത്തിയപ്പോൾ ഒരാളെ പോലും എനിക്കവിടെ കാണാൻ സാധിച്ചില്ല.അതെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. പല പ്രമുഖ മാധ്യമങ്ങളും ഇപ്പോൾ ഇക്കാര്യം ചർച്ചാവിഷയമാക്കിയിട്ടുണ്ട്.അതേസമയം ചാമ്പ്യൻസ് ലീഗിൽ ബയേണിനെയാണ് ഇനി ബാഴ്സക്ക് നേരിടേണ്ടത്.