ബാഴ്‌സയിലേക്ക് മടങ്ങിയെത്താൻ ഡാനി ആൽവെസ്, ചർച്ച ഉടൻ!

കഴിഞ്ഞ സെപ്റ്റംബർ മാസമായിരുന്നു ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസ് തന്റെ ക്ലബായ സാവോ പോളോയുമായുള്ള കരാർ റദ്ദാക്കിയത്. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലമാണ് താരത്തിന് ക്ലബ് വിടേണ്ടി വന്നത്. അന്ന് മുതൽ ഫ്രീ ഏജന്റായ ഡാനി ആൽവെസ് ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.

തന്റെ മുൻ ക്ലബായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോവാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം 38-കാരനായ ഡാനി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുള്ള വഴികളാണ് ഇപ്പോൾ തുറന്ന് കൊണ്ടിരിക്കുന്നത്. ഡാനി ആൽവെസും ബാഴ്‌സ അധികൃതരും ഈ ആഴ്ച്ച തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

എഫ്സി ബാഴ്സലോണക്കും ഡാനി ആൽവെസിനും ഇക്കാര്യത്തിൽ താല്പര്യമുണ്ട്.ബ്രസീലിലെ മറ്റേതെങ്കിലും ക്ലബ്ബിൽ തുടരാനായിരുന്നു ഡാനി ആൽവെസിന്റെ പദ്ധതി. എന്നാൽ ബാഴ്‌സ കൂടി താല്പര്യം അറിയിച്ചതോടെ താരം തന്റെ പ്ലാനുകൾ മാറ്റുകയായിരുന്നു.ഏതായാലും ചർച്ച ഫലം കണ്ടാൽ ഈ ജനുവരി ട്രാൻസ്ഫറിൽ ഡാനി ബാഴ്‌സയിലെത്തും.

കൂടാതെ നിലവിലെ ബാഴ്‌സ പരിശീലകനും ഡാനിയുടെ മുൻ സഹതാരവുമായിരുന്ന സാവിയുടെ നിലപാടും ഇതിൽ നിർണായകമായേക്കും.2008-ലായിരുന്നു ഡാനി ആൽവെസ് ബാഴ്‌സയിൽ എത്തിയത്.2016 വരെയുള്ള കാലയളവിൽ ഡാനി 119 മത്സരങ്ങൾ കളിച്ച് 8 ഗോളുകൾ ബാഴ്‌സക്കായി നേടിയിട്ടുണ്ട്. കൂടാതെ 23 കിരീടങ്ങളും താരം ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.2016-ൽ ക്ലബ്‌ വിട്ട താരം യുവന്റസ്, പിഎസ്ജി എന്നിവർക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *