ബാഴ്‌സയിലേക്ക് പോവാൻ നിർദ്ദേശിച്ച ബ്രസീലിയൻ താരത്തെ വെളിപ്പെടുത്തി എമേഴ്‌സൺ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ താരമായ എമേഴ്‌സൺ റോയൽ എഫ്സി ബാഴ്സലോണയിൽ എത്തിയത്. കഴിഞ്ഞ ദിവസം താരത്തെ ബാഴ്‌സ അവതരിപ്പിക്കുകയും ചെയ്തിരുന്നു.ആ അവതരണവേളയിൽ ബാഴ്‌സയുടെ ബ്രസീലിയൻ റൈറ്റ് ബാക്കുമാരെ കുറിച്ച് സംസാരിക്കാൻ എമേഴ്‌സൺ സമയം കണ്ടെത്തിയിരുന്നു. ഡാനി ആൽവെസ്,ജൂലിയാനോ ബെല്ലെട്ടി എന്നിവരെ കുറിച്ചാണ് പരാമർശിച്ചത്. ഇരുവരും ചരിത്രം കുറിച്ച താരങ്ങളാണെന്നും ഡാനി ആൽവെസിന്റെ നിർദേശം തന്നെ ഇവിടെയെത്താൻ സഹായിച്ചെന്നുമാണ് എമേഴ്‌സൺ അറിയിച്ചിട്ടുള്ളത്.

” അവർ രണ്ട് പേരും ചരിത്രം കുറിച്ചിട്ടുള്ള താരങ്ങളാണ്.പ്രത്യേകിച്ച് ഡാനി ആൽവെസ്, ഞാൻ മാതൃകയാക്കുന്ന താരമാണ് അദ്ദേഹം.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ആൽവെസ്.ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.അദ്ദേഹമാണ് എന്നോട് ഇവിടെ എത്താൻ നിർദേശിച്ചത്.തുടർന്ന് കാര്യങ്ങൾ അതിന്റെ മുറക്ക് നടക്കുകയായിരുന്നു ” എമേഴ്‌സൺ പറഞ്ഞു.

യുവേഫ ചാമ്പ്യൻസ് ലീഗ്, ലാ ലിഗ,കോപ്പ ഡെൽ റേ, ക്ലബ്‌ വേൾഡ് കപ്പ് തുടങ്ങിയവയെല്ലാം ബാഴ്‌സക്കൊപ്പം നേടാൻ സാധിച്ചിട്ടുള്ള താരമാണ് ഡാനി ആൽവെസ്.അതേസമയം ജൂലിയാനോയാവട്ടെ 2004 മുതൽ 2007 വരെ ബാഴ്‌സക്ക്‌ വേണ്ടി കളിച്ച താരമാണ്.2006 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണലിനെതിരെ പകരക്കാരനായി ഇറങ്ങി കൊണ്ട് ബാഴ്‌സയുടെ വിജയഗോൾ നേടിയ ഹീറോയായ താരമാണ് ജൂലിയാനോ.

Leave a Reply

Your email address will not be published. Required fields are marked *