ബാഴ്‌സക്ക്‌ വേണ്ടി കരഞ്ഞ ആരാധകനാണ് വിനീഷ്യസ്, പിന്നീട് ചതിച്ചു : ആന്ദ്രേ ക്യൂറി!

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ എഫ്സി ബാഴ്സലോണയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു റയലിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ കാഴ്ച്ചവെച്ചിരുന്നത്. ഈ സീസണിൽ മികച്ച ഫോമിലാണ് താരമിപ്പോൾ റയലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സ്കൗട്ട് ആയ ആൻഡ്രേ ക്യൂറി. വിനീഷ്യസ് ജൂനിയർ ഒരു ബാഴ്‌സ ഫാൻ ആയിരുന്നുവെന്നും ബാഴ്‌സ പിഎസ്ജിക്കെതിരെ 6-1 ന്റെ തിരിച്ചു വരവ് നടത്തിയ സമയത്ത് വിനീഷ്യസ് സന്തോഷം കൊണ്ട് കരഞ്ഞിരുന്നു എന്നുമാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ വിനീഷ്യസും ഏജന്റും തന്നെ ചതിച്ചു കൊണ്ട് റയലിന് വേണ്ടി സൈൻ ചെയ്യുകയായിരുന്നുവെന്നും ക്യൂറി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” വിനീഷ്യസ് ഒരു ബാഴ്‌സ ഫാൻ ആയിരുന്നു. ഒരു യഥാർത്ഥ ബാഴ്‌സ ആരാധകൻ.പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ ബാഴ്‌സ 6-1 ന്റെ തിരിച്ചു വരവ് നടത്തിയപ്പോൾ കരഞ്ഞ വ്യക്തിയാണ് വിനീഷ്യസ്.ബാഴ്‌സയുമായി ഒപ്പ് വെക്കാൻ വിനീഷ്യസ് തയ്യാറായിരുന്നു.താരത്തിന്റെ രണ്ട് ഏജന്റുമാരും എന്റെ സുഹൃത്തുക്കളായിരുന്നു.പക്ഷേ അവസാന നിമിഷം അവർ എല്ലാവരും എന്നെയും ക്ലബ്ബിനെയും ചതിച്ചു.2017 മുതൽ പിന്നീട് ഞങ്ങൾ മിണ്ടിയിട്ടില്ല ” ആൻഡ്രേ ക്യൂറി പറഞ്ഞു.

എന്നാൽ ഇക്കാര്യം വിനീഷ്യസ് ജൂനിയർ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ ക്ലബാണ് റയലെന്നും താൻ എപ്പോഴും റയലിനെയാണ് പിന്തുണച്ചിരുന്നത് എന്നുമാണ് വിനീഷ്യസ് അറിയിച്ചത്.

2018-ലായിരുന്നു വിനീഷ്യസ് റയലിൽ എത്തിയത്. തുടക്കത്തിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നെങ്കിലും ഈ സീസണിൽ തകർപ്പൻ ഫോമിലൂടെ എല്ലാവരുടെയും കയ്യടി നേടാൻ വിനീഷ്യസിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *