ബാഴ്‌സക്കായുള്ള കാത്തിരിപ്പ്, കരാർ പുതുക്കുന്നത് വൈകിപ്പിക്കാൻ നെയ്മർ!

സൂപ്പർ താരം നെയ്മർ ജൂനിയർക്ക് എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങണമെന്നുള്ള ആഗ്രഹത്തിന് ഇപ്പോഴും വിരാമമായിട്ടില്ല എന്നുള്ളത് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത് മാർക്കയാണ്. ഇപ്പോഴിതാ നെയ്മർ ബാഴ്സയുടെ വിളിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ് മറ്റൊരു സ്പാനിഷ് മാധ്യമമായ സ്പോർട്ട്. നെയ്മർ ബാഴ്‌സക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കഴിയാവുന്നതും അദ്ദേഹം കരാർ പുതുക്കുന്നത് വൈകിപ്പിച്ചേക്കുമെന്നാണ് സ്‌പോർട്ട് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. നിലവിൽ 2022 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായി കരാർ ഉള്ളത്. ഇത്‌ 2026-വരെ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരവും പിഎസ്ജിയും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഇവർ തമ്മിൽ ധാരണയിൽ എത്തി എന്നുള്ളതും സത്യം തന്നെയാണ്. പക്ഷെ ഔദ്യോഗികമായി ഒപ്പുവെക്കാൻ നെയ്മർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് കാരണം ബാഴ്‌സ തന്നെയാണ്.

ഏപ്രിൽ ഒന്നിന് മുന്നേ പുതുക്കണം എന്നാണ് പിഎസ്ജി ആഗ്രഹിക്കുന്നത്. കുറഞ്ഞത് സിറ്റിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് സെമിക്ക് മുന്നേയെങ്കിലും പുതുക്കണം എന്നാണ് പിഎസ്ജിയുടെ കണക്കുകൂട്ടലുകൾ. എന്നാൽ ഈ സീസൺ അവസാനിക്കാതെ കരാർ പുതുക്കില്ല എന്ന നിലപാടാണ് നെയ്മർ നിലവിൽ കൈകൊണ്ടിരിക്കുന്നത്. ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയ ജോയൻ ലാപോർട്ടയിലാണ് നെയ്മറുടെ പ്രതീക്ഷ. നിലവിൽ ബാഴ്സയുമായി നെയ്മർക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ബർതോമ്യുവുമായാണ് നെയ്മർക്ക് വിയോജിപ്പുകൾ ഉണ്ടായിരുന്നത് എന്നാണ് സ്പോർട്ട് പറയുന്നത്. അതേസമയം ലാപോർട്ടയാവട്ടെ ഒരു മേജർ സൈനിങ്‌ നടത്താനുള്ള ഒരുക്കത്തിലാണ്. ആ സ്ഥാനത്തേക്കാണ് നെയ്മറെ പരിഗണിക്കുന്നത്.2019-ൽ തന്നെ ബാഴ്സയിലേക്ക് മടങ്ങിയെത്താൻ നെയ്മർ ശ്രമിച്ചിരുന്നു. എന്നാൽ അന്നത് സാധിച്ചിരുന്നില്ല. ഏതായാലും ലപോർട്ട തനിക്ക് അനുകൂലമായ നിലപാട് എടുക്കുകയാണെങ്കിൽ സാലറി വരെ കുറക്കാൻ നെയ്മർ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *