ബാഴ്സ സെറ്റിയനെ പുറത്താക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുൻതാരം

ബാഴ്സയുടെ നിലവിലെ പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കുന്നതിനെ കുറിച്ച് ക്ലബ് അധികൃതർ ചിന്തിക്കണമെന്ന് മുൻ ബാഴ്സ താരം റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് റിവാൾഡോ ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്ത് വന്നത്. ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന നാപോളിയായിട്ടുള്ള മത്സരത്തിന് മുൻപേ സെറ്റിയനെ പുറത്താക്കണം എന്നാണ് റിവാൾഡോയുടെ പക്ഷം. അതല്ലെങ്കിൽ നാപോളിയോട് തോൽക്കുക എന്ന അപകടത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം താക്കീത് നൽകി. അദ്ദേഹത്തെ പുറത്താക്കാനുള്ള യഥാർത്ഥ സമയം ഇതാണെന്നും അദ്ദേഹത്തിന്റെ ശൈലിയിൽ എല്ലാ ആരാധകർക്കും പ്രതീക്ഷകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഒസാസുനയോട് തോറ്റതോടെ സെറ്റിയന്റെ ഭാവി തുലാസിലായിരുന്നു. അടുത്ത മാസം വരെ പരിശീലകനായി തുടരുമെന്ന് തനിക്ക് യാതൊരു ഉറപ്പുമില്ലെന്ന് സെറ്റിയൻ മുൻപ് പറഞ്ഞിരുന്നു.

” നാപോളിയുടെ പരാജയമേറ്റുവാങ്ങുക എന്ന ഒരു യഥാർത്ഥ അപകടം അവിടെ പതിയിരിക്കുന്നുണ്ട്. ഒരു മുൻകാല ബാഴ്സ താരം എന്ന നിലക്കും ആരാധകൻ എന്ന നിലക്കും ആ മത്സരത്തെ കുറിച്ച് എനിക്ക് നല്ല ഭയമുണ്ട്. ഒട്ടേറെ ബാഴ്സ ആരാധകർക്കും അതുണ്ട്. ബാഴ്സയിപ്പോൾ ഒരു മോശം വഴിയിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്, അത്പോലെ കണികളില്ല, നാപോളിയാവട്ടെ നല്ല രീതിയിൽ കളിക്കുന്നു, ഈ സാഹചര്യങ്ങൾ ഒക്കെ പരിഗണിക്കുമ്പോൾ ആ മത്സരം വളരെ കടുത്തതായിരിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നേ പരിശീലകനെ മാറ്റുക എന്നുള്ളതാണ്. പ്രസിഡന്റ്‌ ബർതോമ്യുവിന് അതൊരു തലവേദന ആയിരിക്കുമെന്ന കാര്യം എനിക്കുറപ്പാണ്. സെറ്റിയന്റെ പ്രവർത്തികളിലും രീതികളിലും ആരാധകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനാൽ തന്നെ മാറിചിന്തിക്കാനുള്ള യഥാർത്ഥ സമയം ഇതാണ് ” റിവാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *