ബാഴ്സ സൂപ്പർ താരത്തെ റാഞ്ചാൻ പ്രീമിയർ ലീഗ് വമ്പൻമാർ,നോട്ടമിട്ട് റയലും!
പുതിയ പരിശീലകനായ സാവിക്ക് കീഴിൽ ഒരു മികച്ച ടീമിനെ പടുത്തുയർത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്.ഫെറാൻ ടോറസിനെയും ഡാനി ആൽവെസിനെയും ബാഴ്സ സ്വന്തമാക്കിയിരുന്നു.കൂടാതെ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ എർലിംഗ് ഹാലണ്ടിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ.
അതേസമയം ബാഴ്സക്ക് ആശങ്കയുള്ളത് ഡിഫന്ററായ റൊണാൾഡ് അരൗഹോയുടെ കരാറിന്റെ കാര്യത്തിലാണ്.അതായത് താരത്തിന്റെ ബാഴ്സയുമായുള്ള കരാർ 2023-ൽ അവസാനിക്കും.ഈ കരാർ ഇതുവരെ പുതുക്കാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല.സാമ്പത്തികപ്രശ്ന ങ്ങൾ കാരണം താരത്തിന് മികച്ച ഒരു ഓഫർ നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.മാത്രമല്ല കരാർ പുതുക്കാൻ അരൗഹോക്ക് താൽപര്യമില്ലെങ്കിൽ വരുന്ന സമ്മറിൽ താരത്തെ ബാഴ്സ വിൽക്കേണ്ടി വരും.അല്ലാത്ത പക്ഷം അടുത്ത വർഷം താരത്തെ ഫ്രീ ഏജന്റായി കൊണ്ട് നഷ്ടപ്പെട്ടേക്കും.
— Murshid Ramankulam (@Mohamme71783726) January 17, 2022
ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയ രണ്ട് പ്രീമിയർ ലീഗ് വമ്പൻമാർ ഇപ്പോൾ ഈ ഉറുഗ്വൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരാണ് അരൗഹോയിൽ ഇപ്പോൾ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.രണ്ട് ക്ലബുകളും ഒരു സെന്റർ ബാക്കിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.ആ സ്ഥാനത്തേക്കാണ് അരൗഹോയെ പരിഗണിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ മറ്റൊരു കാര്യം കൂടി മാർക്ക കൂട്ടിച്ചേർക്കുന്നുണ്ട്.അതായത് ബാഴ്സയുടെ ചിരവൈരികളായ റയലും താരത്തെ വീക്ഷിക്കുന്നുണ്ട്.എന്നാൽ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.ഏതായാലും സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് താരത്തിന്റെ കരാർ പുതുക്കുന്നതിന് ബാഴ്സക്ക് തടസ്സമായി നിലകൊള്ളുന്നത്.