ബാഴ്സ ശരിയായ പാതയിൽ : പുതിയ താരങ്ങളെ വാങ്ങിക്കൂട്ടാനുള്ള പണം എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കി ലാലിഗ പ്രസിഡന്റ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു.റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,ഫ്രാങ്ക് കെസ്സി,ആൻഡ്രിയാസ് ക്രിസ്റ്റൻസൺ എന്നിവരെയാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്.ഇതിന് പുറമേ ജൂലെസ് കൂണ്ടെയുടെ കാര്യത്തിലും ബാഴ്സ ഇപ്പോൾ ധാരണയിൽ എത്തിയിട്ടുണ്ട്.
എന്നാൽ ഈ താരങ്ങളെയൊന്നും ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല.ബാഴ്സയുടെ ഉയർന്ന വെയ്ജ് ബില്ലാണ് ഇതിന് തടസ്സമായി നിലകൊള്ളുന്നത്. എന്നാൽ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകിയിട്ടുണ്ട്. അതായത് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബാഴ്സ സഞ്ചരിക്കുന്നത് ശരിയായ പാതയിൽ തന്നെയാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല എങ്ങനെയാണ് ഇത്രയധികം താരങ്ങളെ വാരിക്കൂട്ടാൻ ബാഴ്സക്ക് സാധിച്ചിട്ടുള്ളതൊന്നും ടെബാസ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” എന്താണ് തങ്ങൾ ചെയ്യേണ്ടത് എന്നുള്ളത് ബാഴ്സക്ക് തന്നെ അറിയാം.അവർക്ക് ഇനിയും കുറച്ച് വർക്കുകൾ കൂടി ചെയ്യാനുണ്ട്. പക്ഷേ ബാഴ്സ ഇപ്പോൾ സഞ്ചരിക്കുന്നത് ശരിയായ പാതയിൽ തന്നെയാണ്. എനിക്കിപ്പോൾ അവരെക്കുറിച്ച് പറയാൻ സാധിക്കുക, അവർക്ക് നിയമങ്ങൾ നന്നായി അറിയാമെന്നും എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട് എന്നുമാണ്. ചില കാര്യങ്ങൾ അവർക്ക് പൂർത്തിയാക്കാനുണ്ട്, അതിന് ഇനിയും സമയം അവശേഷിക്കുന്നുമുണ്ട് ” ഇതാണ് താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ടെബാസ് പറഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) July 28, 2022
അതേസമയം ഇത്രയധികം താരങ്ങളെ വാങ്ങാനുള്ള പണം എവിടെ നിന്ന് വന്നു എന്നുള്ളതിനുള്ള വിശദീകരണവും ടെബാസ് നൽകിയിട്ടുണ്ട്.അതിങ്ങനെയാണ്.
” അവരുടെ 10% ടിവി റൈറ്റ്സ് ഈയിടെ അവർ 207 മില്യൺ യൂറോക്ക് വിറ്റിരുന്നു. പിന്നീടത് അവർ 25 ശതമാനമാക്കി ഉയർത്തി. അതിലൂടെ അവർക്ക് ലഭിച്ചത് 350 മില്യൺ യുറോയാണ്. അങ്ങനെ 500 മില്യണോളം അവർ കരസ്ഥമാക്കി. ഇതിനുപുറമേ ബാഴ്സ തങ്ങളുടെ തേർഡ് ലെവർ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതിലൂടെ 200 മില്യൺ യുറോയും ലഭിച്ചു.അവർ അവരുടെ ആസ്തികൾ വിൽക്കുകയാണ് ചെയ്തത്.മാത്രമല്ല കുറച്ചു താരങ്ങളെ അവർ ഒഴിവാക്കുന്നു, സാലറി കുറയ്ക്കുകയും ചെയ്യുന്നു , ഇതൊക്കെയാണ് ഈ സൈനിങ്ങുകൾ നടത്താൻ അവരെ അനുവദിക്കുന്നത് ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഓഗസ്റ്റ് 13ആം തീയതിയാണ് ബാഴ്സ ആദ്യ ലാലിഗ മത്സരം കളിക്കുന്നത്. അതിനു മുന്നേ ഈ താരങ്ങളെയൊക്കെ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.