ബാഴ്സ വിട്ട് പോവില്ല, ആർതർ പിടിവാശിയിൽ

യുവന്റസിന്റെ ബോസ്‌നിയൻ മിഡ്ഫീൽഡർ മിറാലെം പ്യാനിക്കിന് വേണ്ടിയുള്ള ബാഴ്സയുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. താരത്തിന് പകരമായി ആരെ നൽകും എന്നാണ് ഇപ്പോൾ ബാഴ്സയെ ഏറെ അലട്ടുന്ന പ്രശ്നം. ഇതിലേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന നാമമാണ് ബാഴ്സയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ മെലോ. പ്യാനിക്കിന് വേണ്ടിയും ശ്രമത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ആർതറിന്റെ പേര് മുഴങ്ങി കേട്ടിരുന്നു. എന്നാൽ അന്ന് തനിക്ക് ബാഴ്സ വിടാൻ താല്പര്യമില്ലെന്നും ബാഴ്സയിൽ തന്നെ തുടരണമെന്നും താരം പരസ്യമായി പ്രഖ്യാപിച്ചതോടെ ആ ഊഹാപോഹങ്ങൾ താൽക്കാലികമായി കെട്ടടങ്ങിയിരുന്നു.

എന്നാൽ വീണ്ടും അതേ നീക്കം തന്നെ പുനരാരംഭിച്ചിരിക്കുകയാണ് ബാഴ്‌സ. ഇന്നലെ ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് തങ്ങളുടെ മുൻ പേജിൽ തന്നെ ആർതർ യുവന്റസിലേക്ക് എന്ന വാർത്ത നൽകിയിരുന്നു. ആർതറാണ് പ്യാനിക്കിന് പകരം യുവന്റസിലേക്ക് എത്തുന്നത് എന്നാണ് ട്യൂട്ടോസ്പോർട്ട് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. ഒരു തരത്തിലും ബാഴ്സ വിടില്ലെന്ന പിടിവാശിയിലാണ് ആർതർ. കഴിഞ്ഞ ദിവസം ബാഴ്സ കോച്ചിങ് സ്റ്റാഫിലെ പലരോടും ഇക്കാര്യം ആർതർ തുറന്നു പറയുകയും ചെയ്തുവത്രേ. യുവന്റസിനോ മറ്റുള്ള ക്ലബുകൾക്കോ താരത്തിന്റെ മനസ് മാറ്റാൻ സാധിച്ചിട്ടില്ലെന്നും ബാഴ്‌സയിൽ തന്നെ തുടരണമെന്ന് ആർതർ നിർബന്ധം പിടിച്ചതായും റിപ്പോർട്ട്‌ ചെയ്തത് സ്പാനിഷ് മാധ്യമമായ മാർക്കയാണ്.

2018-ൽ ബ്രസീലിയൻ ക്ലബ്‌ ഗ്രിമിയോയിൽ നിന്നാണ് ആർതർ ബാഴ്‌സയിലേക്ക് എത്തിയത്. മുപ്പത്തിയൊന്ന് മില്യൺ യുറോക്ക് ടീമിൽ എത്തിയ താരത്തിന്റെ റിലീസ് ക്ലോസ് 400 മില്യൺ യുറോയാണ്. ഈ സീസണിൽ ഇരുപത്തിമൂന്ന് മത്സരങ്ങൾ കളിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ആർതറിനെ വിട്ടുകൊടുക്കുന്നതിൽ പലർക്കും എതിർപ്പുണ്ട്. ആർതറിനെ ടീമിലെത്തിച്ച ഡയറക്ടർ ആർതറിനെ വിട്ടുകൊടുക്കുന്നത് അബദ്ധമാവുമെന്ന് അറിയിച്ചിരുന്നു. മാത്രമല്ല 30-കാരനായ പ്യാനിക്കിന് വേണ്ടി 23-കാരനായ ആർതറിനെ വിട്ടുനൽകുന്നത് മണ്ടത്തരമാണെന്ന് ഒരു കൂട്ടം ആരാധകരും വാദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *