ബാഴ്സ വിട്ട് ഇന്ററിലേക്ക്? പ്രതികരണവുമായി വിദാൽ

ട്രാൻസ്ഫർ ലോകത്ത് ഏറ്റവും കൂടുതൽ സജീവമായി നിലനിൽക്കുന്ന വാർത്തകളിലൊന്നാണ് ഇന്റർമിലാന്റെ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിലേക്ക് കൂടുമാറുന്നു എന്നുള്ളത്. താരം ബാഴ്സയുമായി വാക്കാലുള്ള കരാർ ആയി എന്ന് വരെയുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തികഞെരുക്കം കാരണം താരത്തിന് വേണ്ടി മുഴുവൻ പണവും ചിലവഴിക്കാതെ താരങ്ങളെ കൈമാറ്റം ചെയ്യാനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്. ആർതുറോ വിദാൽ, ഇവാൻ റാകിറ്റിച്ച്, സാമുവൽ ഉംറ്റിറ്റി എന്നിവരുടെ പേരുകൾ എല്ലാം തന്നെ ഇതിൽ ഉയർന്നു കേട്ടിരുന്നു. എന്നാലിപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ബാഴ്സ താരം വിദാൽ. ക്ലബ് വിടില്ലെന്നും ബാഴ്സയിൽ സന്തോഷവാനാണെന്നുമാണ് താരം അറിയിച്ചത്.

” ഞാൻ തീർച്ചയായും ബാഴ്സയിൽ സന്തോഷവാനാണ്. എനിക്ക് ബാഴ്സയോടൊപ്പം തുടരുകയും വേണം. മുൻപത്തേക്കാളേറെ ഞാനിപ്പോൾ തയ്യാറാണ്. തീർച്ചയായും മികച്ച ഒരു ഡ്രസിങ് റൂം അന്തരീക്ഷവും കൂട്ടുകാരുമാണ് ബാഴ്സയിലുള്ളത്. എല്ലാം കൊണ്ടും ബാഴ്സയിൽ ഞാൻ സന്തുഷ്ടവാനാണ്. ശാരീരികമായി ഞാനിപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ കരിയറിൽ ഇതിന് മുൻപ് ഞാൻ ഇത്രത്തോളം തയ്യാറായിട്ടില്ല.എന്നെ കൊണ്ടാവും വിധം എന്റെ കരിയർ മികച്ച രീതിയിൽ ആക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. തീർച്ചയായും ലാലിഗയും ചാമ്പ്യൻസ് ലീഗുമൊക്കെ മടങ്ങി വരുന്നതിന് ഞാൻ തയ്യാറായി കഴിഞ്ഞു ” കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിൽ സംസാരിക്കേ വിദാൽ പറഞ്ഞു.

താരം ക്ലബ്‌ വിടുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. ഇതിന് മുൻപ് ബ്രസീലിയൻ താരം ആർതർ മെലോയും ഇത്തരം കാര്യങ്ങളോട് നീരസം പ്രകടിപ്പിച്ചിരുന്നു. ആർതറിനെ പ്യാനിക്കിന് വേണ്ടി യുവന്റസിന് കൈമാറുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഉടൻ തന്നെ ആർതർ ഇതിനോട് പ്രതികരിക്കുകയായിരുന്നു. താൻ ബാഴ്സയിൽ സന്തോഷവാനാണെന്നും ക്ലബ്‌ വിടാൻ ഒരുക്കമല്ലെന്നും ആർതർ അറിയിച്ചിരുന്നു. ഇതോടെ ബാഴ്സ കൈമാറ്റകച്ചവടത്തിനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചതായാണ് വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *