ബാഴ്സ വിടുമോ? മറുപടിയുമായി ടെർ സ്റ്റീഗൻ
ബാഴ്സയുടെ സൂപ്പർ ഗോൾ കീപ്പർ ടെർ സ്റ്റീഗൻ ക്ലബിൽ സന്തുഷ്ടവാനല്ല എന്ന തരത്തിൽ ചില വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. ബാഴ്സ നൽകുന്ന വേതനത്തിൽ താരം സംതൃപ്തനല്ലെന്നും വേതനം കൂട്ടി ബാഴ്സ കരാർ പുതുക്കിയില്ലെങ്കിൽ ടെർ സ്റ്റീഗൻ മറ്റു ക്ലബുകളിലേക്ക് ചേക്കേറും എന്നൊക്കെയായിരുന്നു ആ വാർത്തകളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഈ ഊഹാപോഹങ്ങളെയെല്ലാം തന്നെ തള്ളി കൊണ്ട് നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ് ടെർ സ്റ്റീഗൻ. കഴിഞ്ഞ ദിവസത്തെ ഇൻസ്റ്റാഗ്രാം ലൈവിലാണ് താൻ ബാഴ്സ വിടില്ലെന്നും ബാഴ്സയിൽ സന്തോഷവാനാണെന്നും തറപ്പിച്ച് പറഞ്ഞത്.നിലവിൽ 2022 വരെ കരാറുള്ള താരം കരാർ പുതുക്കാത്തതിൽ അസ്വസ്ഥനാണ് എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ആ കാര്യത്തെ പറ്റി ഞങ്ങൾ ആദ്യമേ ചർച്ച ചെയ്തതാണ്. ഞങ്ങൾ പിന്നീട് അത് ഒരു വശത്തേക്ക് മാറ്റിവെക്കുകയാണ് ചെയ്തത്. നിലവിൽ ഒട്ടേറെ പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. അത്കൊണ്ട് തന്നെ കരാർ പുതുക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ്. ഞാൻ ബാഴ്സയോടൊപ്പം സന്തോഷവാനാണ്. നിലവിൽ ഇവിടുത്തെ സാഹചര്യങ്ങൾ എല്ലാം തന്നെ നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നത് ” ഇൻസ്റ്റാഗ്രാം ലൈവിൽ ടെർ സ്റ്റീഗൻ പറഞ്ഞു.