ബാഴ്സ വിടാൻ റാക്കിറ്റിച്ച്, ലക്ഷ്യം എംഎൽഎസ്സ്?

ബാഴ്സയുടെ ക്രോയേഷ്യൻ മധ്യനിര താരം ഇവാൻ റാക്കിറ്റിച്ച് ബാഴ്സ വിടുമെന്നുള്ള അഭ്യൂഹങ്ങൾ കുറച്ചു മുൻപേ പ്രചരിച്ചിരുന്നു. ക്ലബിൽ വേണ്ടത്ര അവസരം ലഭിക്കാത്തതിനാൽ താരം മറ്റൊരു തട്ടകം തേടും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് റാക്കിറ്റിച്ച്. നിലവിൽ താരത്തിന് 2021 വരെയാണ് ബാഴ്സയിൽ കരാറുള്ളത്. കരാർ തീർന്നാൽ ക്ലബ് വിടുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്. കരാർ പുതുക്കുന്നതുമായുള്ള ചർച്ചകൾ എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബാഴ്‌സ വിട്ടാൽ അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് ചേക്കേറാനാണ് താൻ ആഗ്രഹിക്കുന്നതെന്നും റാക്കിറ്റിച്ച് വെളിപ്പെടുത്തി. ഇഎസ്പിഎന്നുമായിട്ടുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ഒരുപക്ഷെ ബെക്കാം തന്നെ വിളിച്ചേക്കുമെന്ന് തമാശരൂപേണ താരം പ്രത്യാശ പ്രകടിപ്പിച്ചു. മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് എംഎൽഎസ്സിലെ ഇന്റർമിയാമി.

” ചിലപ്പോൾ ബെക്കാം എന്നെ വിളിച്ചേക്കാം. അമേരിക്കയിൽ ഓരോ വർഷം കൂടും തോറും ഫുട്ബോൾ ജനപ്രീതിയാർജിച്ചു വരികയാണ്. ഫുട്ബോൾ തുടർച്ചയായ ഉയർന്നു വരുന്നത് വളരെയധികം പ്രത്യേകതയുള്ള ഒരു കാഴ്ച്ചതന്നെയാണ്. തീർച്ചയായും നിങ്ങൾ എംഎൽഎസ്സ് കാണാൻ തുടങ്ങിയാൽ നിങ്ങളത് വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കും ” റാക്കിറ്റിച്ച് പറഞ്ഞു. ബാഴ്‌സ വിട്ടാൽ താരം അമേരിക്കയിലേക്ക് ചേക്കേറുമെന്നുള്ള സൂചനകളാണ് താരം ഇതിലൂടെ നൽകിയത്. 2014- ലായിരുന്നു താരം സെവിയ്യയിൽ നിന്ന് ബാഴ്‌സയിലേക്ക് എത്തിയത്. ഇതുവരെ ഇരുന്നൂറിനടുത്ത് മത്സരങ്ങളിൽ ബ്ലോഗ്രാന ജേഴ്‌സി അണിയാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *