ബാഴ്സ യുവേഫ കോൺഫറൻസ് ലീഗ് കളിക്കേണ്ടി വരുമോ? സാധ്യതകൾ ഇങ്ങനെ !

നിലവിൽ ലാലിഗയിൽ ഏറ്റവും മോശം ഫോമിലാണ് എഫ്സി ബാഴ്സലോണ കളിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. സീസണിന്റെ തുടക്കം മുതൽ അവസാനം ടോപ് ത്രീയിലെ സ്ഥിരസാന്നിധ്യമായ ബാഴ്സയുടെ ഇപ്രാവശ്യത്തെ സ്ഥിതി അങ്ങനെയല്ല. നാലു തോൽവികളാണ് ഇതിനോടകം തന്നെ ബാഴ്‌സക്ക്‌ ഏറ്റുവാങ്ങേണ്ടി വന്നത്. മുപ്പത് വർഷത്തെ ഏറ്റവും മോശം തുടക്കമാണ് കൂമാന്റെ ബാഴ്സക്ക്‌ ലാലിഗയിൽ ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്.

നിലവിൽ പത്ത് മത്സരങ്ങൾ ലീഗിൽ പൂർത്തിയാക്കിയ ബാഴ്സ ഒമ്പതാം സ്ഥാനത്താണ്. സീസണിന്റെ തുടക്കമാണെങ്കിലും ഈ മോശം അവസ്ഥ ആരാധകർക്കിടയിൽ ആശങ്കയുയർത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇനി വരുന്ന മത്സരങ്ങളിൽ ബാഴ്സക്ക്‌ അടിപതറിയാൽ മുന്നോട്ട് കയറൽ പ്രയാസമായേക്കും. അങ്ങനെ വന്നാൽ ഒരുപക്ഷെ ബാഴ്സ യുവേഫ കോൺഫറൻസ് ലീഗ് കളിക്കേണ്ടി വരുമോ എന്നാണ് പലരുടെയും ഭയം.

അടുത്ത സീസൺ മുതലാണ് യുവേഫ കോൺഫറൻസ് ലീഗ് ആരംഭിക്കുന്നതെന്ന് യുവേഫ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയിലേക്ക് യോഗ്യത ലഭിക്കാത്ത ടീമുകളാണ് കോൺഫറൻസ് ലീഗിൽ ഉണ്ടാവുക. അതായത് പോയിന്റ് ടേബിളിൽ ആറാമതോ ഏഴാമതോ ഫിനിഷ് ചെയ്താൽ ഫിനിഷ് ചെയ്താൽ ബാഴ്സ യുവേഫ കോൺഫറൻസ് ലീഗ് കളിക്കേണ്ടി വന്നേക്കും. സ്പാനിഷ് ക്ലബുകൾ കോൺഫറൻസ് ലീഗിൽ കളിക്കുമോ എന്നുള്ളത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും യുവേഫയുടെ അഭ്യർത്ഥന ലാലിഗ നിരസിക്കാൻ വഴിയില്ല.

കോപ്പ ഡെൽ റേ ജേതാക്കളാവുന്ന ടീം ആദ്യമേ ചാമ്പ്യൻസ് ലീഗിനോ യൂറോപ്പ ലീഗിനോ യോഗ്യത നേടിയിട്ടുണ്ടെങ്കിൽ രണ്ട് സ്ഥാനക്കാർക്ക് കോൺഫറൻസ് ലീഗിൽ കളിക്കാൻ അവസരം ലഭിക്കും എന്നാണ് മാർക്ക പറയുന്നത്. ആറ്, ഏഴ് സ്ഥാനക്കാർക്ക് ആണ് ഈ അവസരം ലഭിക്കുക. പക്ഷെ ബാഴ്സ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന പ്രകടനമാണ് ബാഴ്സ കാഴ്ച്ചവെക്കുന്നത്. അത്‌ ലാലിഗയിലും പുറത്തെടുക്കാൻ കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *