ബാഴ്സ ഫാൻസിന്റെ ചാന്റ് ദേഷ്യം പിടിപ്പിച്ചു, അതുകൊണ്ടാണ് കളി മാറിയത്:എസ്പനോൾ പരിശീലകൻ
ഇന്നലെ ലാലിഗയിൽ നടന്ന കാറ്റലൻ ഡെർബിയിൽ ബാഴ്സലോണ വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ എസ്പനോളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഡാനി ഒൽമോ ഇരട്ട ഗോളുകൾ നേടിയപ്പോൾ റാഫിഞ്ഞ ശേഷിച്ച ഗോൾ സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് ബാഴ്സ വിജയം ഉറപ്പാക്കിയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ അവർക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.
എസ്പനോൾ യഥാർത്ഥത്തിൽ മൂന്ന് തവണ വല കുലുക്കിയെങ്കിലും രണ്ട് തവണയും ഓഫ് സൈഡ് ട്രാപ്പിൽ അകപ്പെടുകയായിരുന്നു.രണ്ടാം പകുതിയിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല.എസ്പനോൾ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഞങ്ങൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും എന്ന ബാഴ്സ ആരാധകരുടെ ചാന്റ് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചു എന്നാണ് എസ്പനോളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മത്സരശേഷം മനോളോ ഗോൺസാലസ് പറഞ്ഞത് ഇങ്ങനെയാണ്.
” ഞാൻ ഇവിടെയുള്ളപ്പോൾ ഞങ്ങൾ രണ്ടാം ഡിവിഷനിലേക്ക് പോകുന്നു എന്ന ചാന്റാണ് ബാഴ്സ ആരാധകർ പാടിയത്.അത് എന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചു.ഹാഫ് ടൈമിന്റെ സമയത്ത് ഞാൻ താരങ്ങളോട് പറഞ്ഞു, എന്റെ ഉള്ളിൽ കത്തിയെരിയുകയാണ് എന്ന്.ഇത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. മത്സരം പരാജയപ്പെട്ടു എന്നത് ശരി തന്നെ. പക്ഷേ രണ്ടാം പകുതിയിൽ ടീം പുറത്തെടുത്ത പോരാട്ട വീര്യം പരിഗണിക്കേണ്ടതുണ്ട് ” ഇതാണ് എസ്പനോൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് എസ്പനോൾ ഉള്ളത്.12 മത്സരങ്ങളിൽ നിന്ന് കേവലം 10 പോയിന്റുകൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം ബാഴ്സ ഇപ്പോൾ മാസ്മരിക പ്രകടനം തുടരുകയാണ്.12 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുകൾ സ്വന്തമാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.