ബാഴ്സ നിരപരാധികൾ, നിങ്ങളൊക്കെ തിരുത്താൻ തയ്യാറായിക്കോളൂ : കൈക്കൂലി വിവാദത്തിൽ പ്രതികരണവുമായി ലാപോർട്ട

എഫ്സി ബാഴ്സലോണയുമായി ബന്ധപ്പെട്ട കൈക്കൂലി വിവാദം ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. 2001 മുതൽ 2018 വരെയുള്ള കാലയളവിൽ റഫറിയിങ് കമ്മറ്റിയുടെ വൈസ് പ്രസിഡണ്ടിന് 7 മില്യൺ യൂറോയോളം ബാഴ്സ കൈമാറി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഈ വിഷയത്തിൽ ബാഴ്സ കുറ്റക്കാരാണ് എന്ന് തെളിഞ്ഞിട്ടില്ല.മറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ഈ വിവാദവുമായി ബന്ധപ്പെട്ട കൊണ്ട് ഇതുവരെ ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട മൗനത്തിൽ ആയിരുന്നു.എന്നാൽ ഇപ്പോൾ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ബാഴ്സ നിരപരാധികൾ ആണെന്നും പലരുടെയും ക്യാമ്പയിന്റെ ഇരകളാണ് ബാഴ്സ എന്നുമാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിട്ടുള്ളത്.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബാഴ്സ ആരാധകരെ.. നിങ്ങൾ ശാന്തരാകുവീൻ..ഈ വിവാദത്തിൽ ബാഴ്സ തീർത്തും നിരപരാധിയാണ്. ഒരു ക്യാമ്പയിനിന്റെ ഇര മാത്രമാണ് ബാഴ്സ.എല്ലാവരും ഉൾപ്പെട്ട ഒരു ക്യാമ്പയിൻ ആണ് ഇത്. ഞങ്ങളുടെ മാന്യതയ്ക്ക് കോട്ടം തട്ടിക്കുക എന്ന ഉദ്ദേശമാണ് ഈ ക്യാമ്പയിന് ഉള്ളത്.ഞങ്ങൾ ഇതിൽ അതിശയപ്പെടുന്നൊന്നുമില്ല. തീർച്ചയായും ഞങ്ങൾ ബാഴ്സയെ ഡിഫൻഡ് ചെയ്യുകയും ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും. നിങ്ങളിൽ ഒരുപാട് പേർ തിരുത്താൻ നിർബന്ധിതരാവുക തന്നെ ചെയ്യും ” ഇതാണ് ബാഴ്സ പ്രസിഡന്റ്‌ ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഏതായാലും ഈ വിഷയത്തിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ബാഴ്സക്ക് ശിക്ഷ നടപടികൾ നേരിടേണ്ടി വരും. അതേസമയം ഇത്തവണത്തെ ലാലിഗയിൽ ബാഴ്സ കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ ഒമ്പത് പോയിന്റ് ലീഡ് ബാഴ്സക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *