ബാഴ്സ തിരിച്ചുവരവിന്റെ പാതയിൽ, കഴിഞ്ഞ സീസണിൽ കൊയ്തത് വൻ ലാഭം!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ സമീപകാലത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയായിരുന്നു നേരിട്ടിരുന്നത്.പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധിക്ക് ശേഷമാണ് ബാഴ്സയെ സാമ്പത്തിക പ്രശ്നം വലിയ രൂപത്തിൽ ബാധിച്ചത്. ഇതേ തുടർന്ന് വലിയ കടം ബാഴ്സക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. താരങ്ങളെ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ പോലും പ്രതിസന്ധികൾ നേരിടേണ്ടിവന്നു.
പക്ഷേ ബാഴ്സലോണ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ സീസണിൽ വലിയ ലാഭം കൊയ്യാൻ ക്ലബ്ബിന് സാധിച്ചു എന്നുള്ളത് ബാഴ്സലോണ തന്നെ ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. 300 മില്യൻ യൂറോക്ക് മുകളിലാണ് കഴിഞ്ഞ സീസണിലെ ബാഴ്സലോണയുടെ ലാഭം. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വരുമാനം നേടാൻ കഴിഞ്ഞു എന്നുള്ളത് ബാഴ്സലോണക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
Barcelona have massively reduced their debt 🤑
— GOAL News (@GoalNews) September 28, 2023
കൃത്യമായി പറഞ്ഞാൽ 304 മില്യൻ യൂറോയാണ് കഴിഞ്ഞ സീസണിലെ ബാഴ്സയുടെ ലാഭം. ടാക്സ് കഴിഞ്ഞിട്ടുള്ള തുകയാണിത്.ഈ ലാഭത്തോടുകൂടി അവരുടെ കടത്തിന്റെ തോത് വലിയ രീതിയിൽ കുറക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ 552 മില്യൺ യൂറോ മാത്രമാണ് കടമുള്ളത്. അധികം വൈകാതെ തന്നെ അത് വീട്ടാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ക്ലബ്ബ് ഉള്ളത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാഴ്സയുടെ കൊമേർഷ്യൽ വരുമാനം 43% വർദ്ധിക്കുകയായിരുന്നു. 351 മില്യൺ യൂറോയാണ് ഈ ഇനത്തിൽ വരുമാനമായി കൊണ്ട് ബാഴ്സക്ക് ലഭിച്ചത്.
പുതിയ സ്പോൺസർഷിപ്പ് ഡീലുകൾ, ബാഴ്സ സ്റ്റോറിലെ ഉൽപ്പന്നങ്ങളുടെ വിൽപ്പനകൾ എന്നിവയൊക്കെ റെക്കോർഡ് നിലയിലാണ്.ഇതുകൊണ്ടൊക്കെയാണ് ബാഴ്സക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇപ്പോൾ കരകയറാൻ സാധിക്കുന്നത്.ലാലിഗയിലും മോശമല്ലാത്ത രീതിയിൽ ബാഴ്സ കളിക്കുന്നുണ്ട്. രണ്ട് സമനിലകൾ വഴങ്ങിയിട്ടുണ്ടെങ്കിലും സാവിക്ക് കീഴിൽ വളരെ ശക്തമായ ഒരു ടീമായി മാറാൻ ബാഴ്സക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. അടുത്ത മത്സരത്തിൽ സെവിയ്യയാണ് അവരുടെ എതിരാളികൾ.