ബാഴ്സ എന്റെ വീടാണ് : മനസ്സ് തുറന്ന് ലയണൽ മെസ്സി!
ഇന്നലെയായിരുന്നു മെസ്സിക്ക് അപൂർവ്വമായ ഒരു പുരസ്കാരം സമ്മാനിക്കപ്പെട്ടത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് മെസ്സിയെ ആദരിച്ചത്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് അവർ മെസ്സിക്ക് സമ്മാനിച്ചത്.ഇനി ഈയൊരു പുരസ്കാരം മറ്റാർക്കും നൽകില്ലെന്ന് മാർക്കയുടെ ഡയറക്ടർ വ്യക്തമാക്കുകയും ചെയ്തിരുന്നു.അത്രയധികം മൂല്യമുള്ള ഒരു അവാർഡ് തന്നെയാണ് മെസ്സിയെ തേടി എത്തിയിരിക്കുന്നത്.
ഈ പുരസ്കാരം സ്വീകരിച്ചതിനുശേഷം ഒരുപാട് കാര്യങ്ങളെക്കുറിച്ച് മെസ്സി സംസാരിച്ചിട്ടുണ്ട്.ബാഴ്സ എന്ന ക്ലബ്ബിനെക്കുറിച്ചും നഗരത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നിട്ടുണ്ട്. അർജന്റീനയും ബാഴ്സലോണയും എന്റെ വീടാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ആദ്യമായി ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ സ്വപ്നം കണ്ടതെല്ലാം നേടി കഴിഞ്ഞു. വേൾഡ് കപ്പ് നേടുക എന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. കൂടാതെ എന്റെ ജീവനായ ബാഴ്സലോണ ക്ലബ്ബിനോടൊപ്പം ഞാൻ എല്ലാതും സ്വന്തമാക്കി.പിഎസ്ജിക്കൊപ്പവും ഞാൻ കിരീടങ്ങൾ നേടിയിട്ടുണ്ട്.ഇനി എനിക്ക് ഒന്നും ചോദിക്കാനാവില്ല.എന്റെ കരിയർ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള നിമിഷങ്ങൾ പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അർജന്റീനയും ബാഴ്സലോണയുമാണ് എന്റെ വീടുകൾ.ഇന്ന് ഞാൻ വളരെയധികം ഹാപ്പിയായ മറ്റൊരു സ്ഥലത്താണ് ഉള്ളത്.എന്റെ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടമാണ് അത് “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരം ലയണൽ മെസ്സിയാണ്. ഏറ്റവും കൂടുതൽ വ്യക്തിഗത അവാർഡുകൾ ഉള്ള താരവും ലയണൽ മെസ്സിയാണ്. ഇതിനൊക്കെ പുറമേ നിരവധി റെക്കോർഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അതുകൊണ്ടുതന്നെ അർഹമായ പുരസ്കാരമാണ് മെസ്സിക്ക് ലഭിച്ചത് എന്ന് പറയേണ്ടിവരും.