ബാഴ്സ ഇതിഹാസങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല: ക്ലബ്ബ് വിട്ടതിന് പിന്നാലെ തുറന്നടിച്ച് ഡാനി ആൽവസ്!

ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസ് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയത്.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ഫ്രീ ഏജന്റായിരുന്നു. താരത്തിന്റെ കരാർ പുതുക്കാൻ ബാഴ്സ തയ്യാറാവാതെയിരിക്കുകയായിരുന്നു. നിലവിൽ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഡാനിയുള്ളത്.

ഏതായാലും ബാഴ്സ വിട്ടതിന് പിന്നാലെ ഡാനി ആൽവസ് ക്ലബ്ബിനെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അതായത് ഇതിഹാസങ്ങളെ ബാഴ്സ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല എന്നാണ് ഡാനി ആൽവസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ബാഴ്സയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പിയായിരുന്നു.ഞാൻ അഞ്ച് വർഷത്തോളമാണ് ഈ സെക്കന്റ് സ്റ്റേജിന് വേണ്ടി സ്വപ്നം കണ്ടത്.പക്ഷെ എന്നെ പറഞ്ഞുവിട്ട രീതിയാണ് എനിക്ക് ഒട്ടും ഇഷ്ടമാവാത്തത്.ഞാനിപ്പോൾ 20 വയസ്സുകാരൻ അല്ല എന്നുള്ളത് തിരിച്ചെത്തിയ അന്നുമുതൽ തന്നെ എനിക്ക് പൂർണ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങൾ നേരെ ചൊവ്വേ ചെയ്യാനായിരുന്നു എനിക്ക് താല്പര്യം.പക്ഷേ ഈ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ബാഴ്സയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. തങ്ങളുടെ ക്ലബ്ബിൽ ചരിത്രം രചിച്ച താരങ്ങളെ നല്ല രൂപത്തിൽ കൈകാര്യം ചെയ്യാൻ ബാഴ്സ തയ്യാറാവുന്നില്ല. ഒരു ബാഴ്സ ആരാധകൻ എന്ന നിലയിൽ വ്യത്യസ്തമായ രൂപത്തിൽ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് ആൽവസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സ വിട്ടത്. അന്നും ഇത്തരത്തിലുള്ള വിമർശനങ്ങൾ ബാഴ്സക്ക് ഏൽക്കേണ്ടി വന്നിരുന്നു. കൂടാതെ മുൻ ബാഴ്സ താരമായിരുന്ന സുവാരസ് ഈയിടെ ഈ വിഷയത്തിൽ ക്ലബ്ബിനെതിരെ വിമർശനം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *