ബാഴ്സ അങ്ങനെ ചെയ്യില്ല :നെഗ്രയ്ര കേസിൽ ബാഴ്സക്കൊപ്പം നിന്ന് പെപ്.

എഫ്സി ബാഴ്സലോണക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന കേസാണ് നെഗ്രയ്ര കേസ്. 2011 മുതൽ 2018 വരെയുള്ള കാലയളവിൽ ബാഴ്സലോണ സ്പെയിനിലെ റഫറിയിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടിന് വലിയൊരു തുക കൈക്കൂലിയായി നൽകി എന്നായിരുന്നു ആരോപണം. ഈ വിഷയത്തിൽ ബാഴ്സലോണക്കെതിരെ ഇപ്പോൾ കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ വലിയ ഒരു ശിക്ഷ തന്നെ ബാഴ്സയ്ക്ക് നേരിടേണ്ടി വരും.

2008 മുതൽ 2012 വരെ എഫ്സി ബാഴ്സലോണയെ പരിശീലിപ്പിച്ച പരിശീലകനാണ് പെപ് ഗാർഡിയോള. ഈ വിഷയത്തിൽ അദ്ദേഹം എഫ്സി ബാഴ്സലോണക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ബാഴ്സ റഫറിമാരിൽ നിന്നും ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്നും മറ്റുള്ളവരെക്കാൾ മികച്ചതായതുകൊണ്ടാണ് ബാഴ്സ വിജയിച്ചത് എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അന്വേഷണം പൂർത്തിയാവട്ടെ. എന്നിട്ട് നമുക്ക് നോക്കാം.പക്ഷേ ബാഴ്സലോണ അങ്ങനെ ചെയ്യില്ല. റഫറിമാരുടെ ആനുകൂല്യത്തിന് വേണ്ടി ബാഴ്സ ഒരിക്കലും പണം നൽകില്ല. അത്തരത്തിലുള്ള ആനുകൂല്യങ്ങൾ ബാഴ്സക്ക് ലഭിച്ചിട്ടുമില്ല. ബാഴ്സ വിജയിച്ചതെല്ലാം എതിരാളികളെക്കാൾ മികച്ചതായതുകൊണ്ടാണ്.അക്കാര്യം എനിക്കുറപ്പാണ്.ഞങ്ങൾ മോശമായ സമയത്തൊക്കെ ഞങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് കോടതി തീരുമാനിക്കട്ടെ ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതേസമയം ഈ വിഷയത്തിൽ തങ്ങൾ നിരപരാധികളാണ് എന്ന് വാദത്തിൽ തന്നെയാണ് എഫ്സി ബാഴ്സലോണ ഉറച്ച് നിൽക്കുന്നത്.നെഗ്രയ്ര കേസിൽ കുറ്റം ചുമത്തപ്പെട്ടതോടുകൂടി സെവിയ്യ ബാഴ്സക്കെതിരെ സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു. പ്രതിസന്ധികളിൽ നിന്നും കരകയറി വരുന്ന ബാഴ്സക്ക് നെഗ്രയ്ര കേസ് വലിയ പ്രശ്നം തന്നെയാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *