ബാഴ്സയുമായി എളുപ്പത്തിൽ ഇണങ്ങി ചേരാൻ സാധിച്ചത് എന്ത് കൊണ്ട്? ഔബമയാങ്‌ പറയുന്നു!

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരമായ ഔബമയാങ് ആഴ്സണൽ വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിയത്.താരമിപ്പോൾ മികച്ച ഫോമിലാണ് ബാഴ്സക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.ആറ് ലാലിഗ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ബാഴ്സ നടത്തുന്ന മികച്ച പ്രകടനത്തിൽ വലിയൊരു പങ്ക് താരത്തിനുണ്ട്.

ഏതായാലും ഇത്ര പെട്ടെന്ന് ബാഴ്സയുമായി അഡാപ്റ്റാവാൻ സാധിച്ചതിലുള്ള സന്തോഷം ഔബമയാങ്‌ പങ്കുവെച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്തതിനാലും അത്രയേറെ ആഗ്രഹിച്ചതിനാലുമാണ് തനിക്ക് വേഗത്തിൽ ക്ലബ്ബുമായി ഇണങ്ങി ചേരാൻ സാധിച്ചതെന്നാണ് ഔബമയാങ്‌ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.ഔബയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബാഴ്സയുമായി വേഗത്തിൽ അഡാപ്റ്റാവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഞാൻ ഹാർഡ് വർക്ക് ചെയ്തിരുന്നു, മാത്രമല്ല നല്ലൊരു രൂപത്തിൽ കാര്യങ്ങളെ മുന്നോട്ടു കൊണ്ടു പോകണമെന്ന് അത്രയേറെ ആഗ്രഹിച്ചിരുന്നു. ഞാനിപ്പോൾ ചെയ്യുന്ന കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. ഒരുപാട് പ്രതിഭകളുള്ള ഒരു ടീമാണ് ബാഴ്സ. അതുകൊണ്ടുതന്നെ ഈ സഹതാരങ്ങളുടെ സഹായത്താൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ് ” ഇതാണ് ഔബമയാങ്‌ പറഞ്ഞിട്ടുള്ളത്.

ഇന്ന് യൂറോപ്പ ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബാഴ്സ കളത്തിലേക്കിറങ്ങുന്നുണ്ട്.തുർക്കിഷ്‌ ക്ലബ്ബായ ഗലാറ്റ്സരെയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:15-ന് ഗലാറ്റ്സരെയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യപാദ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതിനാൽ ബാഴ്സക്ക് ഈ മത്സരം വളരെ നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *