ബാഴ്സയുടെ സമനില,കുറ്റമേറ്റ് കൂണ്ടെ,മാപ്പ് പറഞ്ഞ് കസാഡോ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.സെൽറ്റ വിഗോയാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു.ഒരു ഘട്ടത്തിൽ ബാഴ്സ അനായാസം വിജയിക്കുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും അവസാനത്തിൽ അവർ മത്സരം കൈവിടുകയായിരുന്നു.
റാഫീഞ്ഞ,ലെവന്റോസ്ക്കി എന്നിവർ നേടിയ ഗോളുകളിലൂടെ ബാഴ്സ ലീഡ് എടുത്തിരുന്നു. എന്നാൽ പിന്നീട് കസാഡോ റെഡ് കാർഡ് കണ്ട് പുറത്തുപോയത് ബാഴ്സക്ക് തിരിച്ചടിയായി. രണ്ട് മിനിട്ടിനിടെ രണ്ട് ഗോളുകൾ വഴങ്ങി കൊണ്ട് ബാഴ്സ വിജയം കൈവിടുകയായിരുന്നു. പ്രതിരോധനിര താരം കൂണ്ടെയുടെ പിഴവിൽ നിന്നായിരുന്നു ഒരു ഗോൾ പിറന്നിരുന്നത്.ഇക്കാര്യത്തിൽ അദ്ദേഹം തന്റെ കുറ്റം ഏറ്റിട്ടുണ്ട്. മത്സരശേഷം കൂണ്ടെ പറഞ്ഞത് ഇങ്ങനെയാണ്.
” എന്റെ ആ മോശം മിസ്റ്റേക്ക് ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഈ മത്സരം വിജയിക്കുമായിരുന്നു.അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.എനിക്ക് ഫോക്കസിന്റെ കുറവുണ്ടായിരുന്നു. ഇനി ഇത് ആവർത്തിക്കാൻ പാടില്ല ” ഇതാണ് ഫ്രഞ്ച് താരം പറഞ്ഞിട്ടുള്ളത്.
അതേസമയം റെഡ് കാർഡ് വഴങ്ങിയതിൽ കസാഡോ ആരാധകരോട് മാപ്പ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ടീമിനോടും ആരാധകരോടും ഞാൻ മാപ്പ് പറയുന്നു.നമ്മൾ എടുക്കുന്ന ഓരോ തീരുമാനങ്ങളും ആ നിമിഷത്തിൽ സംഭവിച്ചു പോകുന്നതാണ്.ഇന്ന് ഞാൻ എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ ഹാർഡ് വർക്ക് തുടരും “ഇതാണ് യുവതാരം പറഞ്ഞിട്ടുള്ളത്.
അതേസമയം പ്രകടനം മോശമായിരുന്നു എന്നുള്ള കാര്യം ഫ്ലിക്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. അവസാനത്തെ 10 മിനിറ്റ് മാത്രമല്ലെന്നും മത്സരത്തിൽ ഉടനീളം ഒരുപാടു മിസ്റ്റേക്കുകൾ ബാഴ്സ വരുത്തിവെച്ചു എന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.