ബാഴ്സയുടെ രണ്ട് യുവതാരങ്ങളെ റാഞ്ചാനൊരുങ്ങി ലാലിഗ ക്ലബ്!

ഈ സമ്മറിലാണ് മൊണോക്കോയുടെ പരിശീലകനായ റോബർട്ട്‌ മൊറീനോ ഗ്രനാഡയുടെ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഗ്രനാഡ. അതിന്റെ ഭാഗമായി എഫ്സി ബാഴ്സലോണയുടെ രണ്ട് യുവതാരങ്ങളെ ടീമിലെത്തിക്കാനുള്ള താല്പര്യം ഗ്രനാഡ പ്രകടിപ്പിച്ചു കഴിഞ്ഞു.ബാഴ്‌സയുടെ യുവസൂപ്പർ താരം റിക്കി പുജ്‌,കാർലെസ് അലേന എന്നിവരെയാണ് ഗ്രനാഡക്ക് വേണ്ടത്. ബാഴ്‌സയുമായി ഗ്രനാഡ ബന്ധപ്പെട്ടു എന്നാണ് ഡയാരിയോ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇരുവരെയും ലോണിൽ വിട്ടു കിട്ടാൻ വേണ്ടിയാണ് ഗ്രനാഡ ശ്രമിക്കുന്നത്.

റിക്കി പുജിന്റെ കാര്യത്തിലേക്ക് വന്നാൽ താരത്തെ ലോണിൽ അയക്കാനാണ് ബാഴ്സക്കും പരിശീലകൻ കൂമാനും താല്പര്യം. എന്നാൽ പുജിന് ഇക്കാര്യത്തോട് യോജിപ്പില്ല. ബാഴ്സയിൽ നിന്ന് കൊണ്ട് തന്റെ സ്ഥാനം നേടിയെടുക്കാനാണ് പുജ്‌ ശ്രമിക്കുന്നത്.കഴിഞ്ഞ സീസണിൽ തന്നെ നിരവധി ഓഫറുകൾ താരത്തിന് വേണ്ടി വന്നിരുന്നുവെങ്കിലും പുജ്‌ തന്നെ അത്‌ നിഷേധിക്കുകയായിരുന്നു. ഇത്തവണ താരത്തിന്റെ മനസ്സ് മാറുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. അലേനയുടെ കാര്യത്തിലേക്ക് വന്നാൽ താരം ബാഴ്‌സ വിടുന്നതിന്റെ വക്കിലാണ്. ലോണിലോ അതില്ലെങ്കിൽ സ്ഥിരമായോ താരം ഗ്രനാഡയിലേക്ക് ചേക്കേറിയേക്കും.നിലവിൽ താരം ലോണിൽ ഗെറ്റാഫെയിലാണ് കളിക്കുന്നത്. താരം ബാഴ്സ വിടാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *