ബാഴ്സയുടെ പുതിയ പെപ് ഗ്വാർഡിയോളയെന്ന വിശേഷണം,സാവിക്ക് പറയാനുള്ള ഇതാ!
എഫ്സി ബാഴ്സലോണക്ക് ഒരു സുവർണ്ണ കാലഘട്ടം സമ്മാനിച്ചിട്ടുള്ള പരിശീലകനാണ് പെപ് ഗ്വാർഡിയോള.2008 മുതൽ 2012 വരെ ബാഴ്സയെ പരിശീലിപ്പിച്ച പെപ് ക്ലബ്ബിന് നിരവധി കിരീടങ്ങൾ നേടി കൊടുത്തിരുന്നു.
അതേസമയം നിലവിൽ ബാഴ്സ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ സാവിക്ക് കീഴിൽ ബാഴ്സ അതിശക്തമായി തിരിച്ചുവരുമെന്നാണ് ഭൂരിഭാഗം ആരാധകർ വിശ്വസിക്കുന്നത്. ബാഴ്സയുടെ പുതിയ പെപ് എന്നാണ് പലരും സാവിയെ വിശേഷിപ്പിക്കുന്നത്.
ഈയൊരു താരതമ്യങ്ങളോട് ഇപ്പോൾ സാവി പ്രതികരിച്ചിട്ടുണ്ട്. പെപ്പിന്റെ വിദ്യാർത്ഥിയാണ് താനെന്നും ബാഴ്സയെ ടോപ്പിലേക്ക് കൊണ്ടുവരിക എന്നുള്ളത് മാത്രമാണ് തന്റെ ലക്ഷ്യമെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 26, 2022
” പെപ് ഗ്വാർഡിയോളക്ക് തുല്യമാവാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ഞാൻ ആഗ്രഹിക്കുന്നത് ബാഴ്സയുടെ വിജയങ്ങളാണ്. ഇത് ഈഗോയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല.പെപ്പിനെയോ യൊഹാൻ ക്രൈഫിനെയോ പരാജയപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് ഞാൻ അവരിൽനിന്ന് എന്നെത്തന്നെ വളർത്തിയെടുത്തതാണ്. ഞാൻ അവരുടെ സ്റ്റുഡന്റാണ്. ബാഴ്സയെ ലോകത്തിന്റെ നെറുകയിലേക്ക് വീണ്ടും എത്തിക്കുക എന്നുള്ളതാണ് എന്റെ സ്വപ്നം. ടീമിനെ കൂടുതൽ ശക്തമാക്കാൻ വേണ്ടി ക്ലബ്ബ് പരമാവധി ശ്രമിക്കുന്നുണ്ട്. നിലവിൽ ക്ലബ്ബിന്റെ എല്ലാ കാര്യങ്ങളിലും ഞാൻ സന്തുഷ്ടനാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ കിരീടങ്ങൾ ഒന്നും തന്നെ നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഈ സീസണിൽ സാവി അതിന് അറുതി വരുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.