ബാഴ്സയും യുവെയും പകുതി നശിച്ചിട്ടുണ്ട്,എംബപ്പേ-ഹാലണ്ട് എന്നിവരെ സ്വന്തമാക്കാൻ റയലിന് കഴിയും : ലാലിഗ പ്രസിഡന്റ്!
ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ആകർഷണം രണ്ട് യുവ സൂപ്പർതാരങ്ങളാണ്.കിലിയൻ എംബപ്പേ,ഏർലിഗ് ഹാലണ്ട് എന്നിവർ അവരുടെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കുക ഈ വരുന്ന സമ്മറിലായിരിക്കും.നിരവധി ക്ലബുകൾ ഇരു താരങ്ങളെയും നോട്ടമിട്ടിട്ടുണ്ട്.എന്നാൽ രണ്ടു താരങ്ങളിലും വലിയ താല്പര്യം പ്രകടിപ്പിക്കുന്ന ക്ലബ്ബാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.
എംബപ്പേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ നേരത്തെ ആരംഭിച്ചതാണ്.അതോടൊപ്പം തന്നെ ഹാലണ്ടിനെ കൂടി സ്വന്തമാക്കാനാണ് റയലിന്റെ പദ്ധതി.ഇപ്പോഴിതാ ഇത് സാധ്യമാണ് എന്നറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ്.ബാഴ്സയും യുവന്റസും പകുതി നശിച്ചു എന്നാണ് ഇതിന് കാരണമായി കൊണ്ട് ടെബാസ് ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 18, 2022
” എംബപ്പെയെയും ഹാലണ്ടിനെയും സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് സാധിക്കും. എന്തെന്നാൽ ബാഴ്സയും യുവന്റസും സാമ്പത്തികപരമായി പകുതി തകർന്നിട്ടുണ്ട്.എംബപ്പേ വരികയാണെങ്കിൽ അത് ലാലിഗയെ സംബന്ധിച്ചിടത്തോളം നല്ല വാർത്തയാണ്.ലാലിഗക്ക് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കുമത്. പക്ഷേ താരവുമായി ബന്ധപ്പെട്ട യാതൊരു വിധ ഇൻസൈഡ് ഇൻഫർമേഷനുകളും എനിക്ക് ലഭിച്ചിട്ടില്ല.പക്ഷെ കരാർ അവസാനിക്കാൻ ആറു മാസം മാത്രം ബാക്കി നിൽക്കേ കരാർ പുതുക്കാതെ ഇരിക്കുകയും പിന്നീട് ക്ലബ്ബിൽ തന്നെ തുടരുകയും ചെയ്യുന്ന ചില താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.
തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല എന്നുള്ള കാര്യം എംബപ്പേ അറിയിച്ചിരുന്നു.ഈ സീസണിന് ശേഷം എടുക്കുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു.എന്നാൽ തന്റെ ഭാവിയെ കുറിച്ച് ഉടൻ തീരുമാനമെടുക്കാൻ ക്ലബ് നിർബന്ധിക്കുന്നുവെന്ന് ഹാലണ്ട് ആരോപിച്ചിരുന്നു.