ബാഴ്സയിൽ രണ്ടാം ഘട്ടം മെസ്സി അർഹിക്കുന്നു,അദ്ദേഹം ഇവിടേക്ക് വരണം : സാവി

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ഈയിടെ ബാഴ്സ പ്രസിഡന്റായ ലാപോർട്ട ചില പ്രസ്താവനകൾ നടത്തിയിരുന്നു.മെസ്സിയുടെ ബാഴ്സയിലെ അധ്യായം അവസാനിച്ചിട്ടില്ല എന്നായിരുന്നു ലാപോർട്ട പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ മെസ്സിയെ എത്തിക്കൽ അസാധ്യമാണ് എന്നുള്ള കാര്യം ബാഴ്സയുടെ പരിശീലകനായ സാവി ഇതിനോട് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ സാവി നടത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സി ബാഴ്സയിൽ ഒരു രണ്ടാംഘട്ടം അർഹിക്കുന്നു എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. മെസ്സി ഇവിടേക്ക് തിരിച്ചെത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സിയുടെ ബാഴ്സയിലെ സമയം അവസാനിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.ഇവിടെ ബാഴ്സയിൽ അദ്ദേഹം ഒരു രണ്ടാം ഘട്ടം അർഹിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.അങ്ങനെ സംഭവിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.അദ്ദേഹം തിരിച്ചെത്തുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നുണ്ടോ എന്നുള്ളതാണോ ചോദ്യം? തീർച്ചയായും അദ്ദേഹം ഇവിടേക്ക് തിരിച്ചെത്താൻ ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

നിലവിൽ മെസ്സിക്ക് പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്.ഈ സീസണിന് ശേഷം മെസ്സി ഫ്രീ ഏജന്റാവും.പിഎസ്ജിയുമായി കരാർ പുതുക്കണോ വേണ്ടയോ എന്നുള്ളത് ഖത്തർ വേൾഡ് കപ്പിന് ശേഷമായിരിക്കും മെസ്സി തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *