ബാഴ്സയിൽ ബർതോമ്യു അടിയന്തരമായി കൈക്കൊള്ളേണ്ട മൂന്ന് നിർണായകതീരുമാനങ്ങൾ !

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരായ 8-2 ന്റെ തോൽവി ബാഴ്സയിൽ വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നത് പരസ്യമായ കാര്യമാണ്. ഇതിനെ തുടർന്ന് കടുത്ത തീരുമാനങ്ങൾ ടീമിനകത്ത് ഉണ്ടാവുമെന്ന് ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചിരുന്നു. നിലവിൽ ബാഴ്സയെ പുനർനിർമിക്കുന്നതിന്റെ ആദ്യപടിയായി ബർതോമ്യു കൈക്കൊള്ളേണ്ടത് മൂന്ന് തീരുമാനങ്ങളാണ്. ഈ തീരുമാനങ്ങൾ ചൂണ്ടികാണിച്ചിരിക്കുന്നത് സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ്.

നിലവിൽ ബാഴ്സ ഉടനടി എടുക്കേണ്ട ഒരു തീരുമാനം പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കുക എന്നാണ്. തീർച്ചയായും അത് തീരുമാനിക്കപ്പെട്ടു കഴിഞ്ഞ കാര്യമാണ്. സെറ്റിയൻ പുറത്തായി കഴിഞ്ഞു എന്ന് ഇന്നലത്തെ അഭിമുഖത്തിൽ ബർതോമ്യു തുറന്നു പറഞ്ഞിട്ടുണ്ട്. പകരം ബാഴ്സ പരിഗണിക്കുന്നത് മൗറിസിയോ പോച്ചെട്ടിനോ, റൊണാൾഡ് കോമാൻ, അല്ലെഗ്രി, ഹെൻറി, ഗാർഷ്യ പിമിനേറ്റ എന്നിവരെയാണ്.

രണ്ടാമത്തെ തീരുമാനവും അത്ര ബുദ്ധിമുട്ട് ഉള്ളതല്ല. എന്തെന്നാൽ പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കാൻ താൻ ഒരുക്കമല്ല എന്ന് ബർതോമ്യു മുൻപ് പ്രസ്താവിച്ചതാണ്. എന്നാൽ പ്രസിഡന്റ്‌ ഇലക്ഷൻ കുറച്ചു നേരത്തെ നടത്താൻ ബർതോമ്യുവിന് കഴിഞ്ഞേക്കും. അതായത് ജനുവരിയുടെയും മാർച്ചിന്റെയും ഇടയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്യാം. അങ്ങനെ ആയാൽ അതിന് ശേഷമുള്ള സീസണ് വേണ്ടിയുള്ള ഒരുക്കങ്ങളും പദ്ധതികളും നടത്താൻ പുതിയ പ്രസിഡന്റിന് കഴിഞ്ഞേക്കും.

മൂന്നാമത്തെ കാര്യം താരങ്ങളുടെ വിൽപ്പനയും വാങ്ങലും ആണ്. അനാവശ്യ താരങ്ങളെ വിൽക്കുകയും അനുയോജ്യമായ താരങ്ങളെ വാങ്ങുകയും ചെയ്യുക. പക്ഷെ പണമാണ് ബർതോമ്യുവിനെ അലട്ടുന്ന കാര്യം. 200 മില്യൺ യുറോയാണ് കോവിഡ് മൂലം ബാഴ്സക്ക് നഷ്ടം സംഭവിച്ചത്. അതായത് പുതിയ താരങ്ങളെ എത്തിക്കൽ ബുദ്ധിമുട്ടാണ്. മറിച്ച് നെറ്റോ, ഉംറ്റിറ്റി, ഫിർപ്പോ, റാക്കിറ്റിച്, വിദാൽ, റഫീഞ്ഞ, ബ്രൈത്വെയിറ്റ്, കൂട്ടീഞ്ഞോ എന്നീ താരങ്ങളെ വിൽക്കുകയോ സ്വാപ് ഡീൽ ചെയ്യുകയോ വഴി പുതിയ താരങ്ങളെ എത്തിക്കാം. ഇതാണ് നിലവിൽ അടിയന്തരമായി ബർതോമ്യു കൈക്കൊള്ളേണ്ട തീരുമാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *