ബാഴ്സയിൽ പുറത്താക്കപ്പെടാൻ സാധ്യതയുണ്ട് : സാവി
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അത്ര നല്ല സമയമല്ല.കഴിഞ്ഞ എൽ ക്ലാസ്സിക്കോ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ലാലിഗയിലെ ഒന്നാം സ്ഥാനം അവർക്ക് നഷ്ടമായിരുന്നു. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി യൂറോപ ലീഗ് കളിക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ ബാഴ്സയുള്ളത്.
ഏതായാലും ബാഴ്സയുടെ പരിശീലകനായ സാവി ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് വിജയങ്ങൾ നേടാനായിട്ടില്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ ഉണ്ടാവുമെന്ന് ലാപോർട്ട തന്നോട് പറഞ്ഞതായി സാവി വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് ബാഴ്സയിൽ നിന്നും പുറത്താക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് സാവി വ്യക്തമാക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xavi says he would understand if Barcelona sacked him 😳
— GOAL News (@GoalNews) October 19, 2022
” ഞങ്ങൾ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കണം. ഞങ്ങൾ എപ്പോഴും പോസിറ്റീവായ രൂപത്തിൽ തന്നെയാണ്. കിരീടങ്ങൾക്ക് വേണ്ടി ഞങ്ങൾ പോരാടേണ്ടതുണ്ട്.പക്ഷേ ഞങ്ങൾക്ക് വിജയങ്ങൾ നേടാൻ സാധിച്ചില്ലെങ്കിൽ, അതിന്റെ അനന്തരഫലങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡണ്ട് പറഞ്ഞിട്ടുണ്ട്.ആ അനന്തരഫലങ്ങൾ എന്നിൽ നിന്നാണ് തുടങ്ങുക. ഞങ്ങൾക്ക് വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പുതിയ പരിശീലകൻ വന്നേക്കും. പക്ഷേ ഞാൻ എനിക്ക് കഴിയുന്ന രീതിയിൽ ശ്രമിക്കാൻ പോവുകയാണ് ” സാവി പറഞ്ഞു.
ഏതായാലും ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങളിൽ വിജയങ്ങൾ അനിവാര്യമാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ വിയ്യാറയലാണ് ബാഴ്സയുടെ എതിരാളികൾ.