ബാഴ്സയിൽ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു,നിരവധി താരങ്ങൾ പുറത്തേക്ക്, സുപ്രധാന താരങ്ങളെ നിലനിർത്തും!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇതൊരു തിരക്കുപിടിച്ച സമ്മർ ട്രാൻസ്ഫർ ജാലകമാണ്. സൂപ്പർ താരം ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയുടെ അനുമതി ലഭിച്ചെങ്കിലും സാമ്പത്തികമായ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. അതുകൊണ്ടുതന്നെ പല താരങ്ങളെയും ബാഴ്സ വിൽക്കേണ്ടി വന്നേക്കും.
എഫ്സി ബാഴ്സലോണ വിൽക്കാൻ സാധ്യതയുള്ള താരങ്ങളുടെയും നിലനിർത്താൻ സാധ്യതയുള്ള താരങ്ങളുടെയും ഒരു ലിസ്റ്റ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.
യുവ സൂപ്പർ താരം അൻസു ഫാറ്റിയെ ബാഴ്സ ഒഴിവാക്കും എന്നുള്ള റൂമറുകൾ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. കാരണം അവസാനത്തെ ചില മത്സരങ്ങളിൽ മികച്ച പ്രകടനം താരം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ വലിയ ഓഫർ വന്നു കഴിഞ്ഞാൽ താരത്തെ ബാഴ്സ ഒഴിവാക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനുമാവില്ല.
ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ നിലനിർത്താനാണ് ബാഴ്സയുടെ പരിശീലകനായ സാവി ആഗ്രഹിക്കുന്നത്. എന്നാൽ മികച്ച ഓഫർ ലഭിച്ചു കഴിഞ്ഞാൽ താരത്തെ വിൽക്കാൻ ബാഴ്സ മാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിയെ എത്തിക്കാൻ വേണ്ടി റാഫീഞ്ഞയെ വിൽക്കാനുള്ള സാധ്യതകൾ ഏറെയാണ്.
മധ്യനിരയിലെ മിന്നും താരമായ ഫ്രങ്കി ഡി യോങ്ങിന്റെ കാര്യത്തിൽ ബാഴ്സക്ക് സംശയങ്ങൾ ഒന്നുമില്ല.അദ്ദേഹത്തെ നിലനിർത്തും. കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവർ തീരുമാനം മാറ്റിയിട്ടുണ്ട്.
സൂപ്പർ താരം ഫെറാൻ ടോറസിന് ബാഴ്സയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കാനും ബാഴ്സ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു താരം ഗാവിയാണ്.എന്തൊക്കെ വന്നാലും താരത്തെ കൈവിടില്ല എന്നുള്ള തീരുമാനം ബാഴ്സ എടുത്തു കഴിഞ്ഞു. ഉടൻ തന്നെ താരത്തെ രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.
Dear culers, pic.twitter.com/rsZ87iUg2F
— FC Barcelona (@FCBarcelona) June 4, 2023
പ്രതിരോധനിരതാരമായ ഉംറ്റിറ്റി നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് കളിക്കുന്നത്. 2026 വരെ അദ്ദേഹത്തിന് കോൺട്രാക്ട് ഉണ്ടെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ക്ലമന്റ് ലെങ്ലെറ്റ്,സെർജിനോ ഡെസ്റ്റ്,നിക്കോ ഗോൻസാലസ്,ട്രിൻക്കാവോ എന്നിവരെയൊക്കെ വിറ്റൊഴിവാക്കാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ട് എന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം എറിക്ക് ഗാർഷ്യ,ഫ്രാങ്ക് കെസ്സി എന്നിവരെ നിലനിർത്താനും ബാഴ്സ തീരുമാനിച്ചിട്ടുണ്ട്. ഏതായാലും നിരവധി താരങ്ങൾക്ക് ബാഴ്സയോട് സ്ഥിരമായി വിടപറയേണ്ടി വരും എന്നാണ് ഇതിൽ നിന്നൊക്കെ വ്യക്തമാവുന്നത്.