ബാഴ്സയിലേക്ക് ബുസ്ക്കെറ്റ്സിന് പകരമെത്തുന്നത് പോർച്ചുഗീസ് സൂപ്പർതാരമോ?
എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ദീർഘകാലം ബാഴ്സയിൽ ചിലവഴിച്ചതിനുശേഷമാണ് ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിട്ടത്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കാണ് താരം ചേക്കേറിയിട്ടുള്ളത്. ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും ഇനി ഒരുമിച്ചാണ് കളിക്കുക.
ഏതായാലും എഫ്സി ബാഴ്സലോണക്ക് ആ സ്ഥാനത്തേക്ക് ഒരു മികച്ച പകരക്കാരനെ ആവശ്യമാണ്. ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന റോളിലേക്കാണ് ബാഴ്സക്ക് താരത്തെ ആവശ്യമുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗീസ് സൂപ്പർ താരമായ പലീഞ്ഞയെയാണ് എഫ്സി ബാഴ്സലോണ പരിഗണിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Barcelona 'view Fulham's Joao Palhinha as the ideal Sergio Busquets replacement' https://t.co/PBnSnzUmcy
— Mail Sport (@MailSport) June 25, 2023
27 കാരനായ പോർച്ചുഗീസ് താരത്തിന് സാവി ഇപ്പോൾ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷമാണ് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ്ങിൽ നിന്നും പലീഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിൽ എത്തിയത്.2027 വരെ അദ്ദേഹത്തിന് ഈ ക്ലബ്ബുമായി കോൺട്രാക്ട് ഉണ്ട്. താരത്തെ സ്വന്തമാക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല.എന്തെന്നാൽ 90 മില്യൻ പൗണ്ട് ആണ് താരത്തിന്റെ വിലയായി കൊണ്ട് ഫുൾഹാം ആവശ്യപ്പെടുന്നത്.
ബെൻഫിക്കയുടെ ഫ്ലോറെന്റിനോ ലൂയിസ്,റയൽ സോസിഡാഡിന്റെ മാർട്ടിൻ സുബിമെന്റി, സോഫിയാൻ അമ്രബാത്ത് എന്നിവരെയൊക്കെ ഇപ്പോൾ ഈ പൊസിഷനിലേക്ക് ബാഴ്സ പരിഗണിക്കുന്നുണ്ട്. ഏതായാലും മികച്ച ഒരു താരത്തെ തന്നെ ബാഴ്സക്ക് ഇപ്പോൾ ആവശ്യമുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഗുണ്ടോഗനെ സ്വന്തമാക്കിയതോടെ ബാഴ്സയുടെ മധ്യനിര കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.