ബാഴ്സയിലെ അസാധാരണമായ നിമിഷമേത്? മെസ്സി പറയുന്നു!
എഫ്സി ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിച്ച അവരുടെ ഇതിഹാസമാണ് ലയണൽ മെസ്സി. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം മെസ്സിയാണ്. നിലവിൽ 125 ആം ആനിവേഴ്സറി സെലിബ്രേഷൻ ബാഴ്സ നടത്തുന്നുണ്ട്. ഈ ചടങ്ങിലേക്ക് മെസ്സിയെ ക്ഷണിച്ചിരുന്നുവെങ്കിലും വരാൻ സാധിക്കില്ലെന്ന് മെസ്സി അറിയിക്കുകയായിരുന്നു. പകരം ഇതുമായി ബന്ധപ്പെട്ട അഭിമുഖം മെസ്സി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ബാഴ്സയിലെ ഏറ്റവും മനോഹരമായ അതല്ലെങ്കിൽ അസാധാരണമായ നിമിഷം ഏതാണ് എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. സീനിയർ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റമാണോ റോമിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളാണോ ഫസ്റ്റ് ബാലൺഡി’ഓർ പുരസ്കാരമാണോ എന്നായിരുന്നു ചോദ്യം. അരങ്ങേറ്റത്തെ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരു നിമിഷത്തെ മാത്രം തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഞാൻ എനിക്ക് വേണ്ടി തെരഞ്ഞെടുക്കാൻ ആരെയെങ്കിലും ഏൽപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇനി ഒരെണ്ണം തിരഞ്ഞെടുക്കണം എന്ന് നിർബന്ധമാണെങ്കിൽ ഞാൻ എന്റെ അരങ്ങേറ്റത്തെ തിരഞ്ഞെടുക്കും.കാരണം ഒരുപാട് ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണ് ഞാൻ അവിടെ വരെ എത്തിയത്.അർജന്റീനയിൽ നിന്നും സ്പെയിനിലേക്ക് എന്റെ ജീവിതം പറിച്ച് നടുകയായിരുന്നു.ആ അരങ്ങേറ്റമാണ് എല്ലാം മാറ്റി മറിച്ചത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ടാണ് മെസ്സിയെ ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. നേരത്തെ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം അവസാനിച്ചിട്ടുണ്ട്.കാരണം യൂറോപ്പ്യൻ ഫുട്ബോളിലേക്ക് ഇനിയൊരു മടക്കമില്ല എന്ന കാര്യം മെസ്സി തന്നെ പറഞ്ഞിരുന്നു.ഭാവിയിൽ മറ്റേതെങ്കിലും റോളിൽ മെസ്സി തിരിച്ചെത്താനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാൻ കഴിയില്ല.