ബാഴ്സയല്ലെങ്കിൽ മറ്റാര്? മെസ്സിക്ക് മുന്നിലുള്ള ഓപ്ഷനുകൾ ഇവയൊക്കെ!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി സന്തുഷ്ടനല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാനാണ് ഇപ്പോൾ മെസ്സി തീരുമാനിച്ചിരിക്കുന്നത്. തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനാണ് മെസ്സി ആഗ്രഹിക്കുന്നത്.അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെ പോകാൻ സാധ്യമായില്ലെങ്കിൽ മെസ്സിയുടെ മുന്നിലുള്ള മറ്റു ഓപ്ഷനുകൾ എന്തൊക്കെയാണ്? പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആ ഓപ്ഷനുകൾ പങ്കുവെച്ചിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

ഒന്നാമത്തേത് മാഞ്ചസ്റ്റർ സിറ്റിയാണ്. നിലവിൽ യൂറോപ്പിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് അനുയോജ്യനായ താരം തന്നെയാണ് മെസ്സി. മാത്രമല്ല മെസ്സിയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പരിശീലകനാണ് പെപ് ഗാർഡിയോള. മറ്റൊരു ഓപ്ഷനായി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ വളരെ വിരളമാണ്.മറ്റൊരു ക്ലബ്ബ് ചെൽസിയാണ്. ചെൽസിയുടെ പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്ക് ഒരു സൂപ്പർതാരത്തെ ആവശ്യമുണ്ട്. നേരത്തെ റൊണാൾഡോ,നെയ്മർ എന്നിവരുടെ പേരുകളൊക്കെ ഉയർന്നു കേട്ടിരുന്നു.മെസ്സിയെ ലഭ്യമായാൽ തീർച്ചയായും ചെൽസി അത് പരിഗണിക്കും.

മറ്റൊരു ഓപ്ഷൻ ന്യൂകാസിൽ യുണൈറ്റഡാണ്. സാമ്പത്തികപരമായി ശക്തരായ ന്യൂകാസിലിന് മെസ്സിയെ എത്തിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. കൂടാതെ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കും ഒരു ഓപ്ഷനാണ്.പക്ഷേ നിലവിൽ അവർ വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. പിന്നീട് യൂറോപ്പിന് പുറത്ത് രണ്ട് ഓപ്ഷനുകൾ മെസ്സിയുടെ മുന്നിലുണ്ട്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയും സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലുമാണ് ആ ഓപ്ഷനുകൾ.

പക്ഷേ നിലവിൽ മെസ്സി യൂറോപ്പ് വിടാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ മെസ്സി ഇന്റർ മിയാമിലേക്ക് ചേക്കേറാനുള്ള സാധ്യത പലരും കാണുന്നുണ്ട്.ഏതായാലും നിലവിൽ മെസ്സി ബാഴ്സയിലേക്ക് തിരിത്താൻ തന്നെയാണ് സാധ്യത.ഇനി എന്തെങ്കിലും ട്വിസ്റ്റുകൾ സംഭവിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *