ബാഴ്സക്ക് പെനാൽറ്റി നൽകണമായിരുന്നു : റഫറിയെ വിലക്കി CTA

ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിക്കാൻ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.ഗെറ്റാഫെയായിരുന്നു ഈ മത്സരത്തിൽ ബാഴ്സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. നിരവധി വിവാദ സംഭവങ്ങൾ ഈ മത്സരത്തിൽ അരങ്ങേറിയിരുന്നു. റഫറി പലപ്പോഴും ബാഴ്സക്ക് പ്രതികൂലമായി തീരുമാനങ്ങൾ എടുത്തിരുന്നു.

മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ബാഴ്സക്ക് ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു.റഫറി അത് VAR മുഖാന്തരം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്ക് അർഹതപ്പെട്ട പെനാൽറ്റി റഫറി നൽകിയിരുന്നില്ല. മാത്രമല്ല ഗാവിയുടെ ഹാൻഡ് ബോൾ ഉള്ളതായി അദ്ദേഹം വിധിക്കുകയും ചെയ്തിരുന്നു. അതിന് മുന്നേ തന്നെ അദ്ദേഹം ഗാവിക്ക് യെല്ലോ കാർഡ് നൽകുകയും ചെയ്തിരുന്നു. ഏതായാലും റഫറിയുടെ ഈ തീരുമാനങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

ബാഴ്സയുടെ പരിശീലകനായ സാവി വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് ആളുകൾ ലാലിഗ കാണാത്തതെന്ന് ഇപ്പോൾ തനിക്ക് മനസ്സിലായി എന്നാണ് സാവി മത്സരശേഷം പറഞ്ഞിരുന്നത്. മത്സരത്തിൽ സാവിക്കും റാഫീഞ്ഞക്കും കാർഡ് ലഭിച്ചിരുന്നു എന്നുള്ളത് മാത്രമല്ല അവരെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഏതായാലും പെനാൽറ്റി ഇൻസിഡന്റിൽ സ്പെയിനിലെ റഫറിമാരുടെ സംഘടനയായ CTA ഒരു അന്വേഷണം നടത്തിയിരുന്നു. റഫറിക്ക് തെറ്റ് പറ്റി എന്നുള്ള കാര്യം ഇവർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അതായത് ഗാവിയുടെ ഹാന്റ് ബോൾ ഒരിക്കലും വാലിഡായ ഒന്നല്ല. മറിച്ച് ബാഴ്സക്ക് അവിടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അത് റഫറി ചെയ്തില്ല. അതുകൊണ്ടുതന്നെ CTA റഫറിയായ സെസാർ സോട്ടോ ഗ്രാഡോക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച്ച നടക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാവില്ല.ബാഴ്സ തങ്ങളുടെ വരുന്ന മത്സരത്തിൽ കാഡിസിനെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *