ബാഴ്സക്കെതിരെ പൊട്ടിത്തെറിച്ച് മെസ്സിയുടെ സഹോദരൻ, ഇനിയൊരിക്കലും അങ്ങോട്ട് പോവില്ല!
2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അപ്രതീക്ഷിതമായി കൊണ്ട് ലയണൽ മെസ്സിക്ക് ബാഴ്സ വിടേണ്ടി വന്നത്. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിക്കൊണ്ട് ബാഴ്സയുമായി പുതിയ കോൺട്രാക്ടിൽ ഒപ്പുവെക്കാൻ വേണ്ടിയായിരുന്നു മെസ്സി വന്നിരുന്നത്. എന്നാൽ കരാർ പുതുക്കാനാവില്ല എന്നുള്ള കാര്യം ബാഴ്സ താരത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് ബാഴ്സ വിട്ട മെസ്സി പിഎസ്ജിയിലേക്കാണ് ചേക്കേറിയത്.
ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്നുള്ള റൂമറുകൾ ഇപ്പോഴും സജീവമാണ്. എന്നാൽ മെസ്സിയുടെ സഹോദരനായ മത്യാസ് ഇക്കാര്യത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സി ബാഴ്സയിലേക്ക് ഒരിക്കലും പോവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ബാഴ്സ അറിയപ്പെടാൻ തന്നെ കാരണം ലയണൽ മെസ്സിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയുടെ സഹോദരന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Lionel Messi's brother did not hold back 😳 pic.twitter.com/b1Zrot0406
— GOAL (@goal) February 8, 2023
” ലയണൽ മെസ്സി ഉള്ളതുകൊണ്ടാണ് ബാഴ്സ അറിയപ്പെടാൻ തുടങ്ങിയത്. അതിനുമുൻപ് റയൽ മാഡ്രിഡിനെ മാത്രമായിരുന്നു എല്ലാവർക്കും അറിയുക. വീണ്ടും ബാഴ്സക്ക് സേവനം ചെയ്യുന്നത് നല്ലതല്ല. ബാഴ്സലോണയുടെ മ്യൂസിയം സന്ദർശിച്ചവർക്കറിയാം, അത് യഥാർത്ഥത്തിൽ ബാഴ്സ മ്യൂസിയമല്ല, മറിച്ച് മെസ്സി മ്യൂസിയമാണ്.ഇത് പറയാനുള്ള ധൈര്യം ഞാൻ ഇപ്പോഴെങ്കിലും കാണിക്കണം. മെസ്സി ഇനിയൊരിക്കലും ബാഴ്സയിലേക്ക് മടങ്ങി പോവില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഞങ്ങൾ അവിടെ ഒരു ക്ലീനിങ് നടത്തും.ലാപോർട്ടയൊക്കെ ക്ലബ്ബ് വിടേണ്ടി വന്നേക്കും ” ഇതാണ് മെസ്സിയുടെ സഹോദരൻ പറഞ്ഞിട്ടുള്ളത്.
ഇതോടൊപ്പം ESPN മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർക്കുന്നുണ്ട്. അതായത് മെസ്സിയുടെ സഹോദരന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ഇതൊന്നും ഇതിനെ മെസ്സിയുമായി കൂട്ടിച്ചേർക്കേണ്ടതില്ല എന്നും ESPN റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെസ്സിയുടെ അടുത്ത വൃത്തങ്ങൾ ഇക്കാര്യം തങ്ങളോട് അറിയിച്ചു എന്നാണ് ESPN അവകാശപ്പെട്ടിരിക്കുന്നത്.