ബാഴ്സക്കെതിരെ ഇരട്ടഗോളുകൾ നേടിയത് കൊണ്ടാവാം ബാഴ്സ കൂട്ടീഞ്ഞോയെ തിരിച്ചു വിളിച്ചത്, ഏജന്റ് പറയുന്നു !

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയെ ബാഴ്സ വിൽക്കാതെ തിരിച്ചു വിളിക്കാനുള്ള കാരണം ഒരുപക്ഷെ ബാഴ്സക്കെതിരെ ഇരട്ടഗോളുകൾ നേടിയതിനാലാവാമെന്ന് താരത്തിന്റെ ഏജന്റ്. കഴിഞ്ഞ ദിവസം ടോക്സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഏജന്റ് ആയ കിയ ജൂർബച്ചിയാൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ കൂട്ടീഞ്ഞോ ബാഴ്സയിൽ തന്നെ തുടരുമെന്നും ഏജന്റ് ഉറപ്പ് നൽകി. 160 മില്യൺ യുറോക്കായിരുന്നു കൂട്ടീഞ്ഞോയെ ബാഴ്സ ടീമിൽ എത്തിച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ താരം ബയേണിൽ ലോണിലായിരുന്നു കളിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സക്കെതിരെ രണ്ട് ഗോളും ഒരു അസിസ്റ്റും നേടികൊണ്ട് 8-2 ന്റെ വിജയത്തിൽ നിർണായകപങ്ക് താരം വഹിക്കുകയും ചെയ്തു. തുടർന്ന് കൂമാൻ അദ്ദേഹത്തെ തിരിച്ചു വിളിക്കുകയായിരുന്നു.

” നിങ്ങൾക്ക് ഒരു ജോലി ലഭിച്ചാൽ അത്‌ വൃത്തിയായി ചെയ്യാനാവും നിങ്ങൾ ശ്രമിക്കുക. അത്‌ തന്നെയാണ് അദ്ദേഹം ചെയ്തതും. അദ്ദേഹത്തെ ഏല്പിച്ച ജോലി അദ്ദേഹം ബാഴ്സയ്ക്കെതിരെ വൃത്തിയായി ചെയ്തു. ഒരുപക്ഷെ അത്‌ കൊണ്ടായിരിക്കാം ബാഴ്‌സ അദ്ദേഹത്തെ തിരിച്ചു വിളിച്ചതും. ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം കൂമാൻ കൂട്ടീഞ്ഞോയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പദ്ധതികളിൽ കൂട്ടീഞ്ഞോക്ക് വ്യക്തമായ സ്ഥാനമുണ്ടെന്ന് പറഞ്ഞിരുന്നു. താരത്തോട് മടങ്ങി വരാനും ആവിശ്യപ്പെട്ടു. അത്കൊണ്ട് തന്നെ കൂട്ടീഞ്ഞോ കൂമാന് കീഴിൽ ബാഴ്സയിൽ തുടരും. സെപ്റ്റംബർ ഏഴിനായിരുന്നു കൂട്ടീഞ്ഞോയോട് ബാഴ്സയിൽ തിരികെ എത്താൻ പറഞ്ഞിരുന്നത്. എന്നാൽ താരം അതിന് മുമ്പ് തന്നെ ടീമിനൊപ്പം ചേർന്നു. താരത്തിന് ഫിറ്റ്നസ് നിലനിർത്തേണ്ടത് അത്യാവശ്യമായിരുന്നു. താരം ബാഴ്സയിൽ തന്നെ തുടരും ” ജൂർബച്ചിയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *