ബാലൺ ഡി’ഓർ ലഭിക്കാൻ സാധ്യതയുള്ള താരം മെസ്സി തന്നെ : കൂമാൻ!

കഴിഞ്ഞ സീസണിൽ എഫ്സി ബാഴ്സലോണക്ക്‌ വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.ലാലിഗയിൽ നേടിയ 30 ഗോളുകൾ ഉൾപ്പടെ 38 ഗോളുകളായിരുന്നു കഴിഞ്ഞ സീസണിൽ ബാഴ്‌സക്ക്‌ വേണ്ടി മെസ്സി നേടിയത്. അർജന്റീനക്ക്‌ വേണ്ടി കോപ്പ അമേരിക്കയിലും താരം മിന്നുന്ന ഫോം തുടർന്നു. നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ താരം കോപ്പയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കുകയായിരുന്നു. 2021-ൽ ഇതുവരെ മെസ്സി 33 ഗോളുകളും 14 അസിസ്റ്റുകളും നേടിക്കഴിഞ്ഞു. കൂടാതെ കോപ്പ ഡെൽ റേയിലും കോപ്പ അമേരിക്കയിലും മുത്തമിടാൻ മെസ്സിക്ക് സാധിച്ചു. അത്കൊണ്ട് തന്നെ ഇത്തവണത്തെ ബാലൺ ഡി’ഓർ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. ഇത്‌ തന്നെയാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാനും തുറന്ന് പറഞ്ഞിട്ടുള്ളത്.2021-ലെ ബാലൺ ഡി’ഓർ ജേതാവാകാനുള്ള തന്റെ ഫേവറേറ്റ് താരം മെസ്സിയാണ് എന്നാണ് കൂമാൻ അറിയിച്ചിട്ടുള്ളത്.ഡയാരിയോ എഎസ്സാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ഞങ്ങൾക്ക്‌ വളരെയധികം പ്രധാനപ്പെട്ട താരമാണ് മെസ്സി. ഞങ്ങളുടെ നായകൻ എന്നതിനേക്കാളുപരി അദ്ദേഹം എല്ലാവർക്കും മാതൃകയുമാണ്.അദ്ദേഹത്തിന്റെ കാര്യക്ഷമത അളക്കാവുന്നതിലുമപ്പുറമാണ്. പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടേറിയ തുടക്കമായിട്ട് പോലും പിന്നീട് അദ്ദേഹം തിരിച്ചു വന്നു.കോപ്പ അമേരിക്ക ജേതാവാകാൻ മെസ്സി ശരിക്കും ആഗ്രഹിച്ചിരുന്നു.അത് അദ്ദേഹം നേടിക്കഴിഞ്ഞു. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം 2021-ലെ ബാലൺ ഡി’ഓർ ജേതാവാകാനുള്ള ഫേവറേറ്റ് താരം മെസ്സിയാണ് ” ഇതാണ് കൂമാൻ പറഞ്ഞത്. കോവിഡ് പ്രശ്നങ്ങൾ കാരണം കഴിഞ്ഞ വർഷം ബാലൺ ഡി’ഓർ നൽകപ്പെട്ടിരുന്നില്ല. ലെവന്റോസ്ക്കി, ജോർഗീഞ്ഞോ, കാന്റെ എന്നിവരാണ് നിലവിൽ മെസ്സിക്ക് വെല്ലുവിളി ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *