ബയേറിന് പറ്റിയത് റയലിന് പറ്റുമോ? പ്രതികരിച്ച് ആഞ്ചലോട്ടി!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടാണ്.ജനുവരി ഒന്നാം തീയതിയാണ് ഈ കലാശ പോരാട്ടം നടക്കുക. നിലവിൽ എല്ലാവരും കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത് റയൽ മാഡ്രിഡിന് തന്നെയാണ്. ഇത്തരം ഫൈനലുകൾ കളിച്ച് പരിചയമുള്ള റയൽ മാഡ്രിഡ് ബൊറൂസിയയെ തോൽപ്പിക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.
നേരത്തെ യൂറോപ്പ ലീഗിന്റെ ഫൈനൽ മത്സരം അവസാനിച്ചിരുന്നു. എല്ലാവരും കിരീട സാധ്യത കൽപ്പിച്ചിരുന്ന ബയേർ ലെവർകൂസനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് അറ്റലാന്റ കിരീടം സ്വന്തമാക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു അപ്രതീക്ഷിത തോൽവി റയൽ മാഡ്രിഡിന് സംഭവിക്കുമോ? ബയേറിന് സംഭവിച്ചത് ഒരു മുന്നറിയിപ്പാണോ എന്നൊക്കെ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് ചോദിക്കപ്പെട്ടിരുന്നു.അതിനുള്ള മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്. റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഓരോ മത്സരത്തിനും അതിന്റെതായ കഥയുണ്ട്.അറ്റലാന്റയേയും അവരുടെ പരിശീലകനെയും അഭിനന്ദിക്കാൻ ഞാൻ ഈയൊരു അവസരം ഉപയോഗപ്പെടുത്തുകയാണ്.പക്ഷേ ഇതൊരു വ്യത്യസ്തമായ മത്സരമാണ്. വ്യത്യസ്തമായ സവിശേഷതകളാണ് ഉണ്ടാവുക. ആ മത്സരത്തെയും ഈ മത്സരത്തെയും കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല.ഏറ്റവും മികച്ച ടീം വിജയിക്കും.അതാണ് അവിടെ സംഭവിച്ചത്. അതുതന്നെയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിലും സംഭവിക്കാൻ പോകുന്നത് ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബൊറൂസിയയെ നേരിടാൻ എല്ലാ രീതിയിലും തയ്യാറെടുക്കുമെന്ന് ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.ബൊറൂസിയയുടെ എല്ലാ മേഖലയും കരുത്തുറ്റതാണെന്നും അതുകൊണ്ടുതന്നെ വളരെയധികം കടുപ്പമേറിയ ഒരു മത്സരമായിരിക്കും ഉണ്ടായിരിക്കുക എന്നും റയൽ കോച്ച് പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ വെമ്പ്ലി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ കലാശ പോരാട്ടം നടക്കുക.