ഫ്ലിക്കിന് അരങ്ങേറ്റ മത്സരത്തിൽ തന്നെ അഗ്നിപരീക്ഷ, എതിരാളി പെപ് ഗാർഡിയോള!
എഫ്സി ബാഴ്സലോണ തങ്ങളുടെ പുതിയ പരിശീലകനെ കഴിഞ്ഞ ദിവസമാണ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചത്. ജർമൻ പരിശീലകനായ ഹാൻസി ഫ്ലിക്കിനെയാണ് ബാഴ്സലോണ കൊണ്ടുവന്നിട്ടുള്ളത്. ചാവിയെ പുറത്താക്കി കൊണ്ടാണ് പകരം ഫ്ലിക്കിനെ കൊണ്ടുവന്നിട്ടുള്ളത്. ബാഴ്സയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുപോവുക എന്ന വെല്ലുവിളിയാണ് ഈ പരിശീലകന് മുന്നിലുള്ളത്.
എന്നാൽ ഫ്ലിക്കിന് അരങ്ങേറ്റ മത്സരത്തിൽ തന്നെ അഗ്നിപരീക്ഷയാണ് നേരിടേണ്ടിവരുന്നത്. എന്തെന്നാൽ ബാഴ്സലോണയുടെ അടുത്ത സീസണിലെ ആദ്യ മത്സരം കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ്.പ്രീ സീസൺ സൗഹൃദ മത്സരമാണ് ഇത്. ജൂലൈ മുപ്പതാം തീയതി അമേരിക്കയിലെ ഫ്ലോറിഡയിൽ വെച്ചുകൊണ്ടാണ് ഈ സൗഹൃദ മത്സരം നടക്കുക. ഈ മത്സരത്തിലാണ് ഫ്ലിക്ക് ബാഴ്സയുടെ പരിശീലകനായി കൊണ്ട് അരങ്ങേറ്റം കുറിക്കുക.

മുമ്പ് ബാഴ്സലോണയെ പരിശീലിപ്പിച്ച പെപ് ഗാർഡിയോളയുടെ തന്ത്രങ്ങളെയാണ് ആദ്യ മത്സരത്തിൽ തന്നെ ഫ്ലിക്കിന് നേരിടേണ്ടി വരിക.എന്നാൽ അവിടം കൊണ്ട് അവസാനിക്കുന്നില്ല.രണ്ടാമത്തെ മത്സരത്തിൽ മറ്റൊരു കരുത്തരായ റയൽ മാഡ്രിഡാണ് എതിരാളികൾ.ആഞ്ചലോട്ടിയുടെ സംഘത്തെയാണ് ഫ്ലിക്കിന് നേരിടേണ്ടി വരുന്നത്.ഓഗസ്റ്റ് മൂന്നാം തീയതിയാണ് ഈ എൽ ക്ലാസിക്കോ സൗഹൃദ മത്സരം നടക്കുക. അതിനുശേഷം ഓഗസ്റ്റ് ആറാം തീയതി ഇറ്റാലിയൻ കരുത്തരായ AC മിലാനെതിരെയും ബാഴ്സലോണ പ്രീ സീസൺ സൗഹൃദ മത്സരം കളിക്കുന്നുണ്ട്.
സൗഹൃദമത്സരമാണെങ്കിലും ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഫ്ലിക്കിന് തന്റെ ടീമിനെ കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കും. ടീമിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിക്കും.കോപ്പ അമേരിക്ക,യുറോ കപ്പ് എന്നീ ടൂർണമെന്റുകൾ നടക്കാനിരിക്കുകയാണ്.അത് അവസാനിച്ച ഉടനെ തന്നെ ബാഴ്സ ക്യാമ്പ് തുടങ്ങാനായിരിക്കും ഫ്ലിക്കിന്റെ പദ്ധതികൾ. ഏറെ ആഗ്രഹിച്ചു കൊണ്ടാണ് അദ്ദേഹം ഇപ്പോൾ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് എത്തിയിരിക്കുന്നത്.