ഫ്രീ ഏജന്റാവുന്ന നാല് സൂപ്പർ താരങ്ങളെ ഒരുമിച്ച് ടീമിൽ എത്തിക്കാൻ റയൽ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ടീമിലേക്ക് എത്തിച്ച ഒരേയൊരു താരം ഡേവിഡ് അലാബയാണ്. ബയേൺ ഡിഫൻഡറായ താരത്തെ ഫ്രീ ഏജന്റായി കൊണ്ടാണ് റയൽ സാന്റിയാഗോ ബെർണാബുവിൽ എത്തിച്ചത്. എന്നാൽ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകം റയലിനെ സംബന്ധിച്ചിടത്തോളം ഒരു തിരക്കേറിയ സമയമായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ ഡയാരിയോ എഎസ്. അതായത് 2022-ൽ ഫ്രീ ഏജന്റാവുന്ന നാല് സൂപ്പർ താരങ്ങളെ ഒരുമിച്ച് ടീമിൽ എത്തിക്കാനാണ് റയലിന്റെ പദ്ധതി എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

പ്രധാനമായും മധ്യനിര ശക്തിപ്പെടുത്താനാണ് റയൽ ഉദ്ദേശിക്കുന്നത്. എന്തെന്നാൽ മോഡ്രിച്ച്, കാസമിറോ,ക്രൂസ് എന്നീ ത്രയത്തിന്റെ പ്രായമാണ് ഇതിന് കാരണം. ആദ്യമായി ബയേൺ മിഡ്‌ഫീൽഡർ ലിയോൺ ഗോറെട്സ്‌ക്കയെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത്. താരം കരാർ പുതുക്കാതെ ഫ്രീ ഏജന്റാവുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്.

ഇനി മറ്റു രണ്ടു താരങ്ങൾ ഫ്രഞ്ച് താരങ്ങളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരമായ പോൾ പോഗ്ബയും റെന്നസിന്റെ യുവസൂപ്പർ താരം കാമവിങ്കയും അടുത്ത വർഷം ഫ്രീ ഏജന്റുമാരാവും. ഇരുവരെയും ക്ലബ്ബിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് റയൽ.മറ്റൊരു താരം ചെൽസിയുടെ ജർമ്മൻ ഡിഫൻഡറായ അന്റോണിയോ റൂഡിഗറാണ്. താരത്തിലും റയലിന് താല്പര്യമുണ്ട്.

അതേസമയം കിലിയൻ എംബപ്പെക്കാണ് റയൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഈ സമ്മറിൽ തന്നെ താരത്തെ എത്തിക്കാനാണ് റയൽ ശ്രമിക്കുന്നത്. അതിന് സാധിക്കുന്നില്ലായെങ്കിൽ താരം അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആയിക്കൊണ്ട് ടീമിലേക്ക് വരുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. ഏതായാലും ഈ താരങ്ങളെ ഒക്കെ തന്നെയും സ്വന്തമാക്കാൻ കഴിഞ്ഞാൽ നിലവിലെ പ്രശ്നങ്ങൾക്ക്‌ ഒരുപരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നാണ് റയൽ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *