ഫുട്ബോളെന്ന സ്വർഗ്ഗത്തിൽ നിന്ന് പരിക്കുകളെന്ന നരകത്തിലേക്ക് ഫാറ്റി!

കഴിഞ്ഞ ദിവസം കോപ ഡെൽ റേയിൽ നടന്ന മത്സരത്തിൽ ബാഴ്സ പരാജയം രുചിച്ചിരുന്നു.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അത്ലറ്റിക്ക് ക്ലബായിരുന്നു ബാഴ്സയെ പരാജയപ്പെടുത്തിയത്.ഇതോടെ കോപ ഡെൽ റേയിൽ നിന്നും ബാഴ്സ പുറത്തായിരുന്നു. ഇതിനു പുറമേ മറ്റൊരു തിരിച്ചടി കൂടി ബാഴ്സക്ക്‌ ഏൽക്കേണ്ടി വന്നിരുന്നു. യുവ സൂപ്പർതാരം അൻസു ഫാറ്റിയുടെ പരിക്കായിരുന്നു അത്.

മത്സരത്തിന്റെ അറുപത്തിയൊന്നാം മിനിറ്റിലായിരുന്നു താരത്തെ പരിക്ക് മൂലം പിൻവലിച്ചത്.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.രണ്ട് മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.താരത്തിന്റെ പരിക്കുകളുമായി ബന്ധപ്പെട്ടു കൊണ്ട് സ്പാനിഷ് മാധ്യമമായ മാർക്ക കഴിഞ്ഞദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.ഫുട്ബോളെന്ന സ്വർഗ്ഗത്തിൽ നിന്ന് പരിക്കുകളെന്ന നരകത്തിലേക്കാണ് ഇപ്പോൾ ഫാറ്റി എത്തിയിരിക്കുന്നത് എന്നാണ് ഇവർ തലക്കെട്ട് നൽകിയിരിക്കുന്നത്.

അതായത് നിരവധി റെക്കോർഡുകൾ തകർത്തു കൊണ്ടായിരുന്നു ഫാറ്റി ബാഴ്സയിൽ അരങ്ങേറ്റം കുറിച്ചത്.ബാഴ്സയുടെ ഭാവി താരത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന് പലരും പ്രശംസിച്ചിരുന്നു.എന്നാൽ പരിക്കുകൾ താരത്തെ തളർത്തുകയായിരുന്നു.2020 നവംബറിൽ അദ്ദേഹത്തിന് മെനിസ്ക്കസ് ഇഞ്ചുറി പിടിപെട്ടു. നിരവധി സർജറികൾക്കാണ് താരം പിന്നീട് വിധേയനായത്.

11 മാസത്തിനു ശേഷം ഫാറ്റി ലെവാന്റെക്കെതിരെ ഗോളുമായി തിരിച്ചെത്തി. പിന്നീട് 6 മത്സരങ്ങൾ കളിച്ചു.പക്ഷെ വീണ്ടും ചെറിയ പരിക്കുകൾ കാരണം രണ്ട് മത്സരങ്ങൾ നഷ്ടമായി.അതിന് ശേഷം താരം സെൽറ്റ വിഗോക്കെതിരെ തിരിച്ചെത്തിയെങ്കിലും ഹാംസ്ട്രിങ് ഇഞ്ചുറി പിടികൂടുകയായിരുന്നു.അതേ ഇഞ്ചുറി തന്നെയാണ് വീണ്ടും ഫാറ്റിയെ അലട്ടുന്നത്.

ഏകദേശം 65-ഓളം മത്സരങ്ങളാണ് ഫാറ്റിക്ക്‌ പരിക്കുമൂലം നഷ്ടമായിട്ടുള്ളത്.പരിക്കുകൾ ഈ യുവതാരത്തെ മാനസികമായും ശാരീരികമായും തളർത്തുന്നുണ്ട്.2027 വരെ ഫാറ്റിക്ക് ബാഴ്സയുമായി കരാറുണ്ട്. താരം പൂർവാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *