ഫാറ്റി തിരിച്ചെത്തുന്നു,ബാഴ്‌സക്ക്‌ ആശ്വാസം!

ബാഴ്‌സയുടെയും സ്പെയിനിന്റെയും ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരമായ ഫാറ്റി മറക്കാനാഗ്രഹിക്കുന്ന സീസണാണ് ഈ കഴിഞ്ഞു പോയത്. എന്തെന്നാൽ പരിക്ക് മൂലം ഒൻപത് മാസത്തോളം താരത്തിന് കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നിരുന്നു.കഴിഞ്ഞ നവംബറിലായിരുന്നു ഫാറ്റിക്ക്‌ പരിക്കേറ്റത്. പതിനെട്ടുകാരനായ താരത്തിന്റെ ഇടതു കാൽമുട്ടിനായിരുന്നു പരിക്ക് പിടികൂടിയത്.തുടർന്ന് താരം സർജറികൾക്ക് വിധേയമാവുകയായിരുന്നു. നാലോളം സർജറികളാണ് ഫാറ്റി നടത്തിയത് എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട്‌ ചെയ്തിരുന്നത്.മെയ് 11-ആം തിയ്യതിയാണ് ഫാറ്റി ഒടുവിൽ സർജറിക്ക്‌ വിധേയനായത്.

എന്നാലിപ്പോൾ ഒരു ശുഭകരമായ വാർത്തയാണ് ബാഴ്‌സക്ക്‌ ലഭിച്ചിരിക്കുന്നത്. ഫാറ്റി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് എന്ന് കളിക്കാനാവുമെന്നത് വ്യക്തമല്ലെങ്കിലും സെപ്റ്റംബറിൽ താരം തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാമ്പ്യൻസ് ലീഗിന് മുന്നേ താരം എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്‌സ.

2019 ഓഗസ്റ്റിൽ തന്റെ പതിനാറാമത്തെ വയസിലാണ് ഫാറ്റി ബാഴ്‌സക്ക്‌ വേണ്ടി അരങ്ങേറിയത്.ബാഴ്‌സക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാവാൻ ഇത്‌ വഴി ഫാറ്റിക്ക് സാധിച്ചിരുന്നു.കഴിഞ്ഞ സീസണിലും തുടങ്ങാൻ ഫാറ്റിക്ക്‌ സാധിച്ചിരുന്നു.10 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 4 അസിസ്റ്റുമായിരുന്നു താരം നേടിയിരുന്നത്.എന്നാൽ നവംബർ 7-ന് റയൽ ബെറ്റിസിനെതിരായ മത്സരത്തിലേറ്റ പരിക്ക് ഫാറ്റിയുടെ സ്വപ്നങ്ങളെ തച്ചുടക്കുകയായിരുന്നു.ഏതായാലും ഫാറ്റിയുടെ വരവ് ബാഴ്‌സയുടെ ശക്തി വർധിപ്പിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. മെസ്സി, ഗ്രീസ്‌മാൻ, ഡീപേ, അഗ്വേറോ എന്നീ താരനിരയിലേക്കാണ് ഫാറ്റി കൂടി ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *