പെലെയുടെ റെക്കോർഡും കടപുഴക്കി മെസ്സിയുടെ ജൈത്രയാത്ര തുടരുന്നു !

അങ്ങനെ ആ റെക്കോർഡും മെസ്സിക്ക് മുന്നിൽ തകർന്നടിഞ്ഞു. സാക്ഷാൽ പെലെയുടെ റെക്കോർഡും കടപുഴക്കികൊണ്ട് ലയണൽ മെസ്സി തന്റെ ജൈത്രയാത്ര തുടരുകയാണ്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇനി മെസ്സിക്ക് സ്വന്തമാണ്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ വല്ലഡോലിഡിനെതിരെ ഗോൾ നേടിയതോടെയാണ് മെസ്സി പെലെയുടെ റെക്കോർഡ് ഭേദിച്ചത്. 644-ആം ഗോളാണ് മുപ്പത്തിമൂന്നുകാരനായ മെസ്സി ഇന്നലെ ബാഴ്സക്ക്‌ വേണ്ടി നേടിയത്. ബ്രസീലിയൻ ക്ലബ്‌ സാന്റോസിന് വേണ്ടി പെലെ നേടിയ 643 ഗോളുകൾ എന്ന റെക്കോർഡ് ആണ് മെസ്സി മറികടന്നത്. 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ 643 ഗോളുകൾ നേടിയതെങ്കിൽ 749 മത്സരങ്ങൾ കളിച്ചാണ് മെസ്സി ഈ റെക്കോർഡ് തകർത്തത്.

പതിനേഴ് സീസണുകളാണ് മെസ്സി ബാഴ്സക്ക്‌ വേണ്ടി കളിച്ചതെങ്കിൽ പെലെ പത്തൊൻപത് സീസണുകൾ കളിച്ചിട്ടുണ്ട്. 1956-ൽ തന്റെ പതിനഞ്ചാം വയസ്സിലാണ് പെലെ സാന്റോസിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 1974-ലാണ് പെലെ സാന്റോസ് വിട്ടത്. ആറ് ബ്രസീലിയൻ ലീഗ് കിരീടം, രണ്ട് കോപ്പ ലിബർട്ടഡോറസ്, സൗത്ത് അമേരിക്ക യൂറോപ്യൻ കപ്പ് എന്നിവ പെലെ സാന്റോസിനൊപ്പം നേടിയിട്ടുണ്ട്. അതേസമയം 2004-ൽ തന്റെ പതിനേഴാം വയസ്സിലാണ് മെസ്സി ബാഴ്സക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ചത്. പത്ത് ലാലിഗ കിരീടം, നാലു ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവ മെസ്സി ബാഴ്‌സക്കൊപ്പം നേടി. പെലെയുടെ റെക്കോർഡിന് ഒപ്പമെത്തിയ സമയത്ത് ഇതിഹാസതാരം മെസ്സിക്ക് സ്നേഹസന്ദേശമയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *