പെഡ്രി-മെസ്സി കൂട്ടുകെട്ട്, വാനോളം പ്രതീക്ഷയോടെ ആരാധകർ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ അത്‌ലെറ്റിക്ക്‌ ബിൽബാവോയെ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടി മുന്നിൽ നിന്ന് നയിച്ചത് ലയണൽ മെസ്സിയായിരുന്നു. എന്നാൽ യുവസൂപ്പർ താരം പെഡ്രിയുടെ പ്രകടനത്തെ വിസ്മരിക്കാൻ കഴിയുന്ന ഒന്നല്ല. ഒരു ഗോളും ഒരു അസിസ്റ്റുമാണ് പെഡ്രി സ്വന്തം പേരിൽ കുറിച്ചത്. ഇതിൽ 38-ആം മിനുട്ടിൽ മെസ്സി നേടിയ ഗോളിന് വഴിയൊരുക്കിയത് പെഡ്രിയായിരുന്നു. ഒരു മനോഹരമായ അസിസ്റ്റ് തന്നെയായിരുന്നു അത്‌. മെസ്സിയും പെഡ്രിയും തമ്മിലുള്ള പരസ്പരധാരണയുടെ ഉത്തമോദാഹാരണമായിരുന്നു ആ ഗോൾ. ഇതാദ്യമായല്ല ഇത്തരത്തിലുള്ള ഒരു ഗോൾ പിറക്കുന്നത്. കഴിഞ്ഞ റയൽ വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിന്റെ 65-ആം മിനുട്ടിൽ മെസ്സി ഒരു ഗോൾ കണ്ടെത്തിയിരുന്നു. അന്നും മനോഹരമായ അസിസ്റ്റ് നൽകിയത് പെഡ്രിയായിരുന്നു. കേവലം പതിനെട്ടു വയസ്സ് മാത്രമുള്ള, ഈ സീസണിൽ മാത്രം ബാഴ്സയിൽ എത്തിയ ഈ യുവതാരത്തിന്റെ മനം മയക്കുന്ന പ്രകടനവും മെസ്സിയുമായുള്ള ഒത്തിണക്കവും ആരാധകർക്ക്‌ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

ഫിലിപ്പെ കൂട്ടീഞ്ഞോയുടെ പരിക്കുകൾ മൂലമാണ് താരം സ്ഥിരമായി ഇലവനിൽ ഇടം നേടാൻ തുടങ്ങിയത്. നിലവിൽ സ്ഥിരസാന്നിധ്യമായി മാറിതുടങ്ങിയിട്ടുണ്ട്. ഈ ലീഗിൽ പതിനേഴു മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റും നേടിക്കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിലും ഒരു ഗോൾ കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മെസ്സിയാവട്ടെ ലീഗിൽ ഒമ്പത് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും ഒരുമിച്ചുള്ള പ്രകടനം ഈ സീസണിൽ ബാഴ്സക്ക്‌ നിർണായകമാവുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ. സ്പാനിഷ് മാധ്യമങ്ങൾ ഒക്കെ തന്നെയും പെഡ്രിയെ പ്രശംസിച്ചു തുടങ്ങിയിട്ടുണ്ട്. ക്ലബ് വിട്ട ഇനിയേസ്റ്റയുടെ പകരക്കാരനാവാൻ പെഡ്രിക്ക്‌ കഴിയുമെന്നാണ് പലരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്. ഏതായാലും വരും മത്സരങ്ങളിലും ഈ കൂട്ടുകെട്ട് തന്നെ കൂമാൻ പരീക്ഷിക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *