പെഡ്രിക്ക്‌ വിശ്രമമില്ല,അസന്തുഷ്ടി അറിയിച്ച് കൂമാൻ!

കഴിഞ്ഞ സീസണിൽ എഫ്സി ബാഴ്സലോണക്ക്‌ മികച്ച രൂപത്തിൽ കളിച്ച താരമാണ് പെഡ്രി. പതിനെട്ടുകാരനായ താരം ബാഴ്സയുടെ ഒട്ടുമിക്ക മത്സരങ്ങളിലും കളിച്ചിരുന്നു. പിന്നീട് നടന്ന യൂറോ കപ്പിൽ സ്പെയിൻ നിരയിലെ സ്ഥിരസാന്നിധ്യമാവാനും പെഡ്രിക്ക്‌ കഴിഞ്ഞു. സെമി ഫൈനൽ വരെ എത്തിയ സ്പെയിൻനും മികച്ച പ്രകടനമാണ് പെഡ്രി പുറത്തെടുത്തത്. എന്നാൽ ഇതുകൊണ്ടും അവസാനിച്ചില്ല. ഒളിമ്പിക് ഫുട്ബോളിനുള്ള സ്പെയിൻ ടീമിലും താരം ഉൾപ്പെട്ടിട്ടുണ്ട്. അതിന് ശേഷം താരം വീണ്ടും എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങും.ഈ സീസണിൽ ഇതുവരെ 72 മത്സരങ്ങൾ പെഡ്രി കളിച്ചു കഴിഞ്ഞു. ചുരുക്കത്തിൽ ഒരു വിശ്രമവും ലഭിക്കാതെയാണ് ഈ പതിനെട്ടുകാരൻ കളിച്ചു കൊണ്ടിരിക്കുന്നത്. ഒളിമ്പിക്സിൽ നിന്നും താരത്തെ ഒഴിവാക്കണമെന്ന് ബാഴ്‌സ അപേക്ഷിച്ചിരുന്നുവെങ്കിലും സ്പെയിൻ ചെവികൊണ്ടിരുന്നില്ല. ഇപ്പോഴിതാ പെഡ്രിക്ക്‌ വിശ്രമം നൽകാത്തതിലുള്ള അസന്തുഷ്ടി തുറന്ന് പറഞ്ഞിരിക്കുകയാണ് ബാഴ്സ പരിശീലകനായ റൊണാൾഡ് കൂമാൻ. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” യൂറോയിൽ അസാധാരണപ്രകടനമാണ് പെഡ്രി പുറത്തെടുത്തത്.കേവലം 18 വയസ്സ് മാത്രം പ്രായമുള്ള താരം ഈ സീസണിലെ ഒട്ടുമിക്ക മത്സരങ്ങളും കളിച്ചു കഴിഞ്ഞു.അതും വളരെ പക്വതയാർന്ന രൂപത്തിൽ.അദ്ദേഹം ഓരോ ദിവസം കൂടുംതോറും പുരോഗതി കൈവരിച്ചു വരികയാണ്. മാത്രമല്ല, വളരെയധികം ആയാസത്തോടെയാണ് അദ്ദേഹം കളിക്കുന്നത്.പെഡ്രി ഫുട്ബോളിന് വേണ്ടിയാണ് ജീവിക്കുന്നത്.ഒരു യുവതാരത്തിന് എങ്ങനെ ബാഴ്സയിൽ കളിക്കാം എന്നുള്ളതിന്റെ ഉദാഹരണമാണ് അദ്ദേഹം.പക്ഷേ അദ്ദേഹത്തിന് വിശ്രമം നൽകാത്തതിനോട് ഞങ്ങൾക്ക്‌ വിയോജിപ്പുണ്ട്.പെഡ്രിക്ക്‌ ഭയാശങ്കകളൊന്നുമില്ല.ഈ സീസണിൽ അദ്ദേഹത്തിൽ നിന്നും ഞങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നുമുണ്ട്.പക്ഷേ പെഡ്രി ഇതിനോടകം തന്നെ ഒരുപാട് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.അത്കൊണ്ട് തന്നെ അദ്ദേഹത്തിന് ആവിശ്യമായ വിശ്രമം ഈ സമ്മറിൽ നമ്മൾ നൽകേണ്ടതുണ്ട്.ഗ്വാർഡിയോള പറഞ്ഞ പോലെ,സമ്മറിൽ രണ്ട് പ്രധാനപ്പെട്ട ടൂർണമെന്റുകൾ കളിക്കുക എന്നുള്ളത് വളരെയധികം കൂടുതലാണ്. പക്ഷേ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ? ” കൂമാൻ പറഞ്ഞു. ഏതായാലും അടുത്ത സീസണിലും പെഡ്രി ബാഴ്‌സയിലെ സ്ഥിരസാന്നിധ്യമായിരിക്കുമെന്ന സൂചനകൾ തന്നെയാണ് കൂമാൻ ഇതുവഴി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *