പുറത്തായ ഡോക്യുമെന്റ്സുകൾ, പ്രതികരണമറിയിച്ച് കൂമാൻ!

ഇന്നലെയായിരുന്നു എഫ്സി ബാഴ്സലോണയുടെ ചില ഡോക്യുമെന്റ്സുകൾ സ്പാനിഷ് മാധ്യമങ്ങൾ പുറത്തുവിട്ടത്. പ്രതിരോധത്തിലെ നിർണായകവിവരങ്ങളായിരുന്നു ആ രേഖകളിൽ ഉണ്ടായിരുന്നത്. ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസ് ഒപ്പുവെച്ച വിവരങ്ങൾ ആയിരുന്നു അവ.പ്രതിരോധനിര താരങ്ങളായ ഉംറ്റിറ്റി, മിങ്കേസ, സിറ്റി താരം എറിക് ഗാർഷ്യ എന്നിവരെ കുറിച്ചായിരുന്നു ഈ റിപ്പോർട്ടുകൾ. എറിക് ഗാർഷ്യയെ ബാഴ്സയിൽ എത്തിക്കാൻ വേണ്ടി പരമാവധി ശ്രമിക്കണമെന്നും ഉംറ്റിറ്റി, മിങ്കേസ എന്നിവരെ പ്രധാനപ്പെട്ട വലിയ മത്സരങ്ങളിൽ കളിപ്പിക്കരുത് എന്നുമായിരുന്നു ഇതിലെ ചുരുക്കം. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബാഴ്സയുടെ പരിശീലകൻ കൂമാൻ. ബാഴ്സ താരങ്ങൾ എല്ലാത്തിനും തയ്യാറായി ഇരിക്കണമെന്നും പുറത്തായ വിവരങ്ങളെ പറ്റി റാമോൺ പ്രതികരിക്കുമെന്നും കൂമാൻ അറിയിച്ചു.

” വരുന്ന മത്സരങ്ങൾക്ക് വേണ്ടി ടീമിനെ തയ്യാറാക്കി നിർത്തുക എന്നുള്ളതാണ് എന്റെ ജോലി. റാമോൺ പ്ലാനസിന്റെ ജോലി എന്നുള്ളത് സ്‌ക്വാഡിൽ പുരോഗതി കൈവരുത്തുക എന്നുള്ളതാണ്. എന്തെങ്കിലും പുറത്തായിട്ടുണ്ടെങ്കിൽ അതിനോട് അദ്ദേഹം പ്രതികരിക്കും. ഞാൻ അങ്ങനെ മാധ്യമങ്ങളൊന്നും തന്നെ നോക്കാറില്ല. എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്കറിയില്ല. എന്റെ ജോലി എന്നുള്ളത് മത്സരങ്ങളെ കുറിച്ച് ചിന്തിക്കുക എന്നത് മാത്രമാണ്. ബാക്കിയുള്ളതൊന്നും എന്നെ അലോസരപ്പെടുത്തുന്നില്ല. ബാഴ്സ താരങ്ങൾ എല്ലാത്തിനും തയ്യാറായിരിക്കേണ്ടതുണ്ട്. ഉംറ്റിറ്റി ഒരു നീണ്ട പരിക്ക് കഴിഞ്ഞു വരികയാണ്. ഞങ്ങൾ അദ്ദേഹത്തെ വിലയിരുത്തുന്നുണ്ട്. മിങ്കേസ സെന്റർ ബാക്ക് ആയും റൈറ്റ് ബാക്ക്‌ ആയും കളിക്കുന്നുണ്ട്. ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം. ടീമിലെ എല്ലാവരും സ്വയം പുരോഗതി നേടിയിട്ടുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *